Quantcast

ഭോജ്ശാല കമാൽ മൗല മസ്ജിദിൽ ഒരേ സമയം പ്രാർഥനയുമായി ഹിന്ദുക്കളും മുസ്‌ലിംകളും; 'ഡമ്മി നമസ്കാര'മെന്ന് ആരോപിച്ച് പ്രദേശവാസികൾ

സുപ്രിംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു പള്ളിയുടെ വ്യത്യസ്ത ഭാ​ഗങ്ങളിൽ പൂജയും നമസ്കാരവും.

MediaOne Logo
Hindus Perform Puja Muslims Offer Namaz In Madhya Pradeshs Bhojshala Masjid
X

ഭോപ്പാൽ: സുപ്രിംകോടതി ഉത്തരവിന് പിന്നാലെ ഒരേ സമയം പള്ളിയിലെത്തി പൂജ ചെയ്ത് ഹിന്ദുക്കളും നമസ്കരിച്ച് ഒരു വിഭാ​ഗം മുസ്‌ലിംകളും. മധ്യപ്രദേശ് ധർ ജില്ലയിലെ ഭോജ്ശാല കമാൽ മൗല മസ്ജിദിലാണ് വെള്ളിയാഴ്ച ഇരു മതവിഭാ​ഗങ്ങളുടെയും ആരാധന നടന്നത്. പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇരു പ്രാർഥനകളും ഒരുമിച്ച് നടത്താൻ കഴിഞ്ഞദിവസമാണ് സുപ്രിംകോടതി ഉത്തരവിട്ടത്. വസന്തപഞ്ചമി ദിനത്തിലെ സരസ്വതി പൂജയും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്ന സാഹചര്യം പരിഗണിച്ചായിരുന്നു ഇത്.

ഇരു വിഭാ​ഗങ്ങൾക്കും പ്രാർഥന നടത്താൻ സൗകര്യം ഒരുക്കിയിരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പള്ളിയുടെ വ്യത്യസ്ത ഭാ​ഗങ്ങളിലായിരുന്നു പൂജയും നമസ്കാരവും. ആയിരക്കണക്കിന് ഹിന്ദുക്കൾ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ സരസ്വതി ദേവിക്ക് 'അഖണ്ഡ്' പ്രാർഥനകൾ നടത്തിയപ്പോൾ, ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലായിരുന്നു 15- 17 മുസ്‌ലിംകൾ വെള്ളിയാഴ്ച പ്രാർഥനകൾ നടത്തിയത്.

സുപ്രിംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് ഇരു വിഭാ​ഗവും പ്രാർഥനകൾ നടത്താനെത്തുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പള്ളി പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്. ഏകദേശം 8,000ലേറെ പൊലീസുകാരെയാണ് സുരക്ഷയുടെ ഭാ​ഗമായി വിന്യസിച്ചിരുന്നത്. യാതൊരു തടസമോ പ്രശ്നങ്ങളോ ഇല്ലാതെ പൂജയും നമസ്കാരവും നടന്നതായി ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്ക് മിശ്ര പറഞ്ഞു.

അതേസമയം, സുപ്രിംകോടതി ഉത്തരവ് പാലിക്കുന്നുവെന്ന് കാണിക്കാൻ ജില്ലാ ഭരണകൂടം "ഡമ്മി നമസ്‌കാരം" സംഘടിപ്പിക്കുകയായിരുന്നെന്നും പ്രാദേശിക മുസ്‌ലിംകളെ അകറ്റി നിർത്തിയെന്നും പ്രദേശവാസിയായ ഇമ്രാൻ ഖാൻ ആരോപിച്ചു. ധറിലെ ഗുൽമോഹർ കോളനി നിവാസിയായ ഇമ്രാൻ ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു.

വെള്ളിയാഴ്ച നമസ്കാരത്തിനായി എഎസ്ഐ സംരക്ഷിത മസ്ജിദ് സമുച്ചയത്തിലേക്ക് വ്യാഴാഴ്ച രാത്രി പൊലീസുകാർ തന്നെയും പ്രദേശത്തെ താമസക്കാരായ മറ്റ് മുസ്‌ലിംകളേയും കൊണ്ടുപോയെന്നും സമയമായപ്പോൾ വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞെന്നും ഇമ്രാൻ വ്യക്തമാക്കി. എന്നാൽ പള്ളിയിൽ നമസ്കാരം നടന്നതായി ജില്ലാ ഭരണകൂടം ഇപ്പോൾ പറയുന്നു. എന്നാൽ അത് തങ്ങളല്ലെന്നും അദ്ദേഹം വിശദമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് പള്ളിയിൽ ഇരു വിഭാ​ഗത്തിനും പ്രാർഥന നടത്താമെന്ന് ഉത്തരവിട്ടത്. ജുമുഅ നിസ്‌കാരത്തിന് എത്തുന്നവരുടെ പേര് ജില്ലാ ഭരണകൂടത്തിന് നേരത്തെ നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു. പരസ്പര ബഹുമാനം പുലർത്തണമെന്നും ക്രമസമാധാന പാലനത്തിനായി ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും കോടതി അഭ്യർഥിച്ചിരുന്നു.

നമസ്‌കാരത്തിനായി എത്തുന്നവർക്കും വസന്തപഞ്ചമി പൂജയ്ക്കായി എത്തുന്നവർക്കും വെവ്വേറെ വഴികൾ ഒരുക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഭോജ്ശാലയ്ക്ക് ചുറ്റും 300 മീറ്റർ പരിധിയിൽ 'നോ-ഫ്‌ളൈ സോൺ' പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഡ്രോണുകൾ, പാരഗ്ലൈഡിങ് എന്നിവയ്ക്കും കർശന നിരോധനമേർപ്പെടുത്തിയിരുന്നു.

പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണത്തിലുള്ള പള്ളി ദീർഘകാലമായി തർക്കവിഷയമാണ്. ഇത് സരസ്വതി ക്ഷേത്രമാണെന്നാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. കഴിഞ്ഞ 23 വർഷമായി ചൊവ്വാഴ്ച ഹിന്ദുക്കളും വെള്ളിയാഴ്ച മുസ്‌ലിംകളുമാണ് ഇവിടെ പ്രാർഥന നടത്തുന്നത്. ഭോജ്ശാലയുമായി ബന്ധപ്പെട്ട കേസ് നിലവിൽ മധ്യപ്രദേശ് ഹൈക്കോടതിയിയുടെ പരിഗണനയിലാണ്. വിഷയം അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്.

പുരാവസ്തു വകുപ്പ് സമർപ്പിച്ച മുദ്രവച്ച റിപ്പോർട്ട് പരസ്യമായി കോടതിയിൽ തുറക്കാനും സുപ്രിംകോടതി നിർദേശിച്ചിരുന്നു. റിപ്പോർട്ടിൻ്റെ പകർപ്പുകൾ ഇരുവിഭാഗങ്ങൾക്കും നൽകണം. റിപ്പോർട്ടിന്മേൽ ആക്ഷേപങ്ങൾ ഫയൽ ചെയ്യാൻ കക്ഷികൾക്ക് രണ്ടാഴ്ചത്തെ സമയം അനുവദിക്കും. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ തർക്കസ്ഥലത്ത് നിലവിലുള്ള സ്ഥിതി തുടരണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

TAGS :

Next Story