Quantcast

2.67 ലക്ഷത്തിന്‍റെ ഫർണിച്ചർ ഷോപ്പിങ്; ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിന് വ്യാപാരിയുടെ വീട് പൊളിച്ച് ഉദ്യോഗസ്ഥന്റെ പകവീട്ടൽ

മൊറാദാബാദ് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് ഘനശ്യാം വർമയ്‌ക്കെതിരെയാണ് ഫർണിച്ചർ വ്യാപാരിയായ സാഹിദ് അഹ്‌മദ് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-16 11:06:44.0

Published:

16 July 2022 10:55 AM GMT

2.67 ലക്ഷത്തിന്‍റെ ഫർണിച്ചർ ഷോപ്പിങ്; ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിന് വ്യാപാരിയുടെ വീട് പൊളിച്ച് ഉദ്യോഗസ്ഥന്റെ പകവീട്ടൽ
X

ലഖ്‌നൗ: ഫർണിച്ചർ വാങ്ങിയതിന്റെ പണം ചോദിച്ചതിന് വ്യാപാരിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി പരാതി. മൊറാദാബാദ് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ്(എസ്.ഡി.എം) ഘനശ്യാം വർമയ്‌ക്കെതിരെയാണ് ഫർണിച്ചർ വ്യാപാരിയായ സാഹിദ് അഹ്‌മദ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സാഹിദിന്റെ കടയിൽനിന്ന് വീട്ടാവശ്യങ്ങൾക്കായി ഘനശ്യാം 2.67 ലക്ഷത്തിന്റെ ഫർണിച്ചറുകൾ വാങ്ങിയത്. എന്നാൽ, ബില്ല് നൽകിയപ്പോഴാണ് ഉദ്യോഗസ്ഥന്റെ മട്ട് മാറിയത്. തനിക്ക് ബില്ലിട്ടിരിക്കുകയാണല്ലേ, അത് ടേബിളിൽ കാഴ്ചവസ്തുവായി സൂക്ഷിച്ചോളാമെന്ന് ഘനശ്യാം ഭീഷണി സ്വരത്തിൽ പറഞ്ഞതായി സാഹിദ് അഹ്‌മദ് ആരോപിച്ചു. ഇതിനു പിന്നാലെ ബുൾഡോസറുകൾ അയച്ച് ബിലാരി ഗ്രാമത്തിലുള്ള സാഹിദിന്റെ വീട് തകർക്കുകയായിരുന്നു.

സംഭവത്തിൽ സാഹിദ് പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതോടെ കൂടുതൽ പ്രതികാരബുദ്ധിയോടെ ഒരു സ്വകാര്യ ജെ.സി.ബിയും മുനിസിപ്പാലിറ്റിയുടെ മറ്റൊരു ജെ.സി.ബിയും അയച്ച് മതിലും വീടും പൊളിച്ചുനീക്കുകയായിരുന്നുവെന്ന് സാഹിദ് ആരോപിച്ചു. 60ഓളം ഉദ്യോഗസ്ഥരെയാണ് പൊളിക്കൻ നടപടിക്കായി അയച്ചിരുന്നത്.

പരാതി ലഭിച്ചതോടെ സംഭവം അന്വേഷിക്കാൻ മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര സിങ് അഡിഷനൽ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, സാഹിദിന്റെ പരാതി വ്യാജമാണെന്നാണ് ഘനശ്യാം പ്രതികരിച്ചത്. സാഹിദ് പൊതുകുളം കൈയേറിയതായി ബിലാരി വാർഡ് അംഗം നൽകിയ പരാതിയിൽ വീട് പൊളിച്ചുനീക്കാൻ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നുവെന്നും എസ്.ഡി.എം പറഞ്ഞു.

Summary: SDM in Moradabad, bought furniture worth 2.67 lakhs, bulldozer sent home after asking for money

TAGS :

Next Story