രാജസ്ഥാനിലും ഹണിമൂൺ കൊലപാതകം; കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, കാറപകടമെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമം
അഞ്ജുവിന്‍റെ സാക്ഷിമൊഴികളിലുണ്ടായ വൈരുധ്യം കണ്ട് പൊലീസിന് സംശയം തോന്നി

ശ്രീ ഗംഗാനഗർ: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ നടുക്കി മറ്റൊരു കൊലപാതകം കൂടി. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിനു മുന്‍പെ കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയും കാറപകടമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. രാജസ്ഥാൻ സ്വദേശിയായ ആശിഷ് ആണ് കൊല്ലപ്പെട്ടത്. ആദ്യം അപകടമരണമെന്ന് കരുതിയ സംഭവം പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. ജനുവരി 30നാണ് സംഭവം.
വൈകിട്ട് ആശിഷുമൊത്ത് നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം ഭര്‍ത്താവിനെ ഇടിച്ചുവീഴ്ത്തിയെന്നും ബോധരഹിതയായ തന്‍റെ സ്വര്‍ണാഭരണങ്ങൾ കാറിലെത്തിയ അക്രമികൾ കവരുകയും ചെയ്തുവെന്നാണ് അഞ്ജു പറഞ്ഞത്. രാത്രി വൈകിട്ട് 9 മണിയോടെയാണ് അപകടത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നതെന്ന് ശ്രീ ഗംഗാനഗർ പൊലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു. ദമ്പതികൾ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഉടന്‍ തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോയെങ്കിലും ആശിഷ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അഞ്ജുവിന്‍റെ സാക്ഷിമൊഴികളിലുണ്ടായ വൈരുധ്യം കണ്ട് പൊലീസിന് സംശയം തോന്നി. ആശിഷിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കൂടാതെ കഴുഞ്ഞ് ഞെരിച്ചാണ് ആശിഷിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അപകടത്തിൽ അഞ്ജുവിന് പരിക്കുകളില്ലാത്തതും സംശയമുണര്‍ത്തി.
അഞ്ജുവിന്റെ വീടിനടുത്ത് താമസിക്കുന്ന സഞ്ജു എന്ന യുവാവുമായി യുവതി പതിവായി ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ തെളിയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മൂന്ന് മാസം മുൻപായിരുന്നു അഞ്ജുവിന്‍റെയും ആശിഷിന്‍റെയും വിവാഹം. എന്നാൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായതിനെ തുടര്‍ന്ന് താമസിയാതെ അഞ്ജു സ്വന്തം നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ടുണ്ട്. അവിടെ വച്ച് സഞ്ജുവുമായി വീണ്ടും അടുപ്പത്തിലായി. ഈ സമയത്താണ് കൊലപാതകം ആസൂത്രണം ചെയ്തത്.
സംഭവദിവസം രാത്രി അഞ്ജു ആശിഷിനെ വിജനമായ റോഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയത്ത് സഞ്ജുവും കൂട്ടാളികളായ രോഹിതും സിദ്ധാർത്ഥും കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. "അവർ അവനെ ക്രൂരമായി ആക്രമിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലുകയും ചെയ്തു, തുടർന്ന് അത് ഒരു റോഡപകടമായി വരുത്തിത്തീർക്കാൻ ശ്രമിച്ചു," പൊലീസ് പറയുന്നു.മോഷണം നടന്നുവെന്ന് വരുത്തിത്തീര്‍ക്കാൻ അഞ്ജു തന്റെ ഫോണും കമ്മലുകളും പ്രതിക്ക് നൽകി. ആക്രമണത്തിന് ശേഷം ബോധരഹിതയായി അഭിനയിക്കുകയുമായിരുന്നു. എന്നാൽ ആശിഷിന്‍റെ ദേഹത്തെ മുറിവുകളാണ് കേസിൽ വഴിത്തിരിവായത്. നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16

