'മുഖ്യമന്ത്രിയുടെ ഭാര്യക്ക് എങ്ങനെ മൂന്ന് പാസ്‌പോർട്ട് ലഭിച്ചു?'; ഹിമന്ത ബിശ്വശർമക്കും ഭാര്യക്കുമെതിരെ കോൺഗ്രസ്
കോൺഗ്രസിന്റെ ആരോപണങ്ങൾ നിരാശയിൽ നിന്നുള്ളതാണെന്ന് ഹിമന്ത ബിശ്വ ശർമ

- Published:
5 April 2026 7:59 PM IST

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ്. ഹിമന്തയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്പോർട്ടുകൾ ഉണ്ടെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പവൻ ഖേര ആരോപണമുന്നയച്ചത്. റിനികി ഭുയാൻ ശർമയ്ക്ക് മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ ഗോൾഡൻ കാർഡ്, ആന്റിഗ്വ ആൻഡ് ബാർബുഡ പാസ്പോർട്ട്, ഈജിപ്ഷ്യൻ പാസ്പോർട്ട് എന്നിവയാണിവ. ഭൂമി കൈയേറ്റം, ക്ഷേത്ര ഫണ്ടുകളുടെ ദുരുപയോഗം, സർക്കാർ സബ്സിഡികൾ, ചിട്ടി ഫണ്ട് തട്ടിപ്പുകൾ എന്നിവയിലും മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും പേരുകൾ നേരത്തെ ഉയർന്നുവന്നിട്ടുണ്ടെന്ന് ഖേര ആരോപിച്ചു. നിലവിൽ പുറത്തുവിട്ട രേഖകൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഇടപാടുകളുമായി ബന്ധപ്പെട്ടതാണെന്നും ഈ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ആരോപണങ്ങൾ നിരാശയിൽ നിന്നുള്ളതാണെന്ന് ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. 48 മണിക്കൂറിനുള്ളിൽ പവൻ ഖേരയ്ക്കെതിരെ സിവിൽ, ക്രിമിനൽ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഖേരയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമാണെന്നും അദ്ദേഹം പറഞ്ഞു. ഖേര പുറത്തുവിട്ട രേഖകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഹിമന്ത ചില സാങ്കേതിക പിശകുകൾ നിരത്തി. ഔദ്യോഗികമായി 'Sharma' എന്നാണ് ഉപയോഗിക്കാറുള്ളതെങ്കിലും രേഖകളിൽ 'sarma' എന്നാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബയോമെട്രിക് ചിത്രത്തിന് പകരം പൊതുവായി ലഭ്യമായ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഹിമന്ത പറഞ്ഞു.
അതേസമയം, പുറത്തുവന്ന രേഖകൾ അസമിന് നാണക്കേടാണെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.ഒന്നിലധികം പാസ്പോർട്ടുകൾ കൈവശം വയ്ക്കുന്നതും സ്വത്തുവിവരങ്ങൾ മറച്ചുവെക്കുന്നതും ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. അസമിൽ നിന്ന് എത്ര പണം ഇവർ വിദേശ അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി അസമിന് നാണക്കേടാണെന്നും ഗൊഗോയ് ആരോപിച്ചു.
Adjust Story Font
16
