Quantcast

ജെ.എൻ.യുവിൽ വിദ്യാർഥികളുടെ മനുഷ്യ ചങ്ങല; സർവകലാശാല അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു

അക്രമികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ

MediaOne Logo

Web Desk

  • Published:

    13 April 2022 1:38 AM GMT

ജെ.എൻ.യുവിൽ വിദ്യാർഥികളുടെ മനുഷ്യ ചങ്ങല; സർവകലാശാല അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു
X

രാമനവമി ദിവസമുണ്ടായ സംഘർഷത്തിൽ പ്രതിഷേധം ശക്തമാക്കി ഡൽഹി ജെഎൻയു സർവകലാശാലയിലെ വിദ്യാർഥികൾ. സർവകലാശാല നോർത്ത് ഗേറ്റിനു പുറത്ത് വിദ്യാർത്ഥികൾ മനുഷ്യ ചങ്ങല തീർത്തു. എ.ബി.വി.പി അനുകൂല നിലപാടാണ് സർവകലാശാല അധികൃതർ സ്വീകരിക്കുന്നതെന്ന് വിദ്യാർഥി യൂണിയൻ കുറ്റപ്പെടുത്തി . ജെഎൻയു സർവകലാശാല ക്യാമ്പസുകളിലെ സബർമതി ടി പോയിന്റ് മുതലാണ് വിദ്യാർഥികൾ മനുഷ്യ ചങ്ങല രൂപീകരിച്ചത്.

സർവകലാശാല വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിദ്യാർഥികളെ ആക്രമിച്ച എ.ബി.വി.പി പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് വിദ്യാർഥി യൂണിയൻ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

രാമനവമി ദിനത്തിൽ ഹോസ്റ്റലിൽ മാംസം വിളമ്പി എന്നാരോപിച്ചാണ് നിരവധി വിദ്യാർഥികൾക്ക് എ.ബി.വി.പി പ്രവർത്തകരുടെ മർദനം ഏൽക്കേണ്ടി വന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ തയാറായില്ല എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. അക്രമ സംഭവത്തിൽ സർവകലാശാല ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എബിവിപിക്ക് അനുകൂലമായ നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു .

പൂജ മുടക്കാൻ ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ശ്രമിച്ചു എന്ന എബിവിപിയുടെ വാർത്താകുറിപ്പിൽ അതേ വരികളാണ് ജെഎൻയു സർവകലാശാല അധികൃതരുടെ റിപ്പോർട്ടിലും ആവർത്തിച്ചിട്ടുള്ളത്. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജെഎൻയു സർവകലാശാല വിദ്യാർഥി യൂണിയൻ വ്യക്തമാക്കി.

TAGS :

Next Story