ഭാര്യയെ പിരിച്ചുവിട്ടതിന്റെ ദേഷ്യം; സലൂൺ ഉടമയെ സംഘം ചേർന്ന് മർദിച്ച് ഭർത്താവ്, വീഡിയോ പുറത്ത്
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു

- Published:
5 April 2026 3:39 PM IST

ബംഗളൂരു: ജോലിയിൽ നിന്ന് ഭാര്യയെ പിരിച്ചുവിട്ടതിന്റെ ദേഷ്യത്തിൽ സലൂൺ ഉടമയെ ക്രൂരമായി മർദിച്ച് ഭർത്താവും സംഘവും. വടക്കൻ ബെംഗളൂരുവിലെ അവലഹള്ളിയിലുള്ള സലൂണിൽ മാർച്ച് 28നാണ് സംഭവം.
'സ്കിൻ ഷൈൻ യൂണിസെക്സ് എന്ന പേരിൽ സലൂൺ നടത്തുന്ന മോഹൻ കുമാറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
പ്രതിയുടെ ഭാര്യ സുഷമയെ സലൂണിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. ഇത് ചോദ്യം ചെയ്ത് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ സുഷമയുടെ ഭർത്താവ് നാലഞ്ച് പേരടങ്ങുന്ന സംഘത്തിനൊപ്പം സലൂണിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് മോഹൻ കുമാറിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ഭാര്യ ശ്രീജ ഇടപെടാൻ ശ്രമിച്ചപ്പോൾ, അവരെയും കൈയേറ്റം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾക്കെതിരെ ആവലഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Adjust Story Font
16
