ഭര്‍ത്താവിനോട് ചോദിക്കാതെ പാത്രം കഴുകുന്ന മെഷീൻ വാങ്ങി; വീട് അടിച്ചുതകര്‍ത്ത് യുവാവ്
എന്തുകൊണ്ടാണ് താൻ പുതിയ വീട്ടുപകരം വാങ്ങിയതെന്ന് ഭാര്യ വിശദീകരിക്കുമ്പോഴേക്കും തകര്‍ന്ന വീടാണ് കാണാനായത്

- Updated:
2026-01-21 06:14:45.0

ബീജിങ്: ഭര്‍ത്താവിനോട് ചോദിക്കാതെ ഡിഷ്‍വാഷര്‍ (പാത്രം കഴുകുന്ന മെഷീൻ' വാങ്ങിയതിന് വീട് മുഴുവൻ അടിച്ചുതകര്‍ത്ത് യുവാവ്. തെക്കൻ ചൈനയിലാണ് സംഭവം. എന്തുകൊണ്ടാണ് താൻ പുതിയ വീട്ടുപകരണം വാങ്ങിയതെന്ന് ഭാര്യ വിശദീകരിക്കുമ്പോഴേക്കും തകര്‍ന്ന വീടാണ് കാണാനായത്.
ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള സ്ത്രീ ജനുവരി 8നാണ് ഭര്‍ത്താവിനോട് പറയാതെ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്ന് 1,500 യുവാൻ (215 യുഎസ് ഡോളർ) വിലയുള്ള ഡിഷ്‌വാഷർ വാങ്ങിയതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു. തണുപ്പുകാലത്ത് കൈ കൊണ്ട് മാത്രം കഴുകുന്നത് ബുദ്ധിമുട്ടാണെന്നും ഭര്‍ത്താവ് സഹായിക്കാറില്ലെന്നും അതുകൊണ്ടാണ് മെഷീൻ വാങ്ങിയതെന്നും യുവതിയുടെ വാക്കുകളെ ഉദ്ധരിച്ച് ഡാഹെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വാടകക്കാണ് ദമ്പതികൾ താമസിക്കുന്നത്. ഫ്ലാറ്റിൽ മെഷീൻ സ്ഥാപിക്കാൻ കമ്പനിയിൽ നിന്നുള്ള ആൾ എത്തിയപ്പോഴാണ് ഭര്‍ത്താവ് ഇക്കാര്യം അറിയുന്നത്.
ഉയർന്ന ജല, വൈദ്യുതി ചെലവുകൾ ഉയർത്തിക്കാട്ടി ഓർഡർ റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇത് ചെലവേറിയതല്ലെന്നും താങ്ങാനാവുന്നതാണെന്നുമായിരുന്നു ഭാര്യയുടെ വിശദീകരണം. ജോലിക്കാരനോട് ഇൻസ്റ്റാളേഷൻ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഭാര്യ വിസമ്മതിച്ചു. കോപാകുലനായ ഭർത്താവ് സ്വീകരണമുറിയിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളും അടിച്ചു തകർത്തു.ഇത് കണ്ട സ്ത്രീ കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. അന്ന് രാത്രി ഒരു ഹോട്ടലിലാണ് താമസിച്ചത്.
എന്തുകൊണ്ടാണ് അദ്ദേഹം ഡിഷ്‌വാഷർ വാങ്ങാൻ അനുവദിക്കാത്തതെന്ന് തനിക്ക് മനസ്സിലായില്ലെന്ന് യുവതി പിന്നീട് പറഞ്ഞു. ഷോപ്പിങ് തർക്കങ്ങൾ അവരുടെ വീട്ടിൽ സാധാരണമാണെന്ന് കൂട്ടിച്ചേർത്തു. ഭർത്താവ് വീട്ടിൽ നിന്ന് വളരെ ദൂരെ ജോലി ചെയ്ത് പ്രതിമാസം 11,000 യുവാൻ (1,600 യുഎസ് ഡോളർ) സമ്പാദിക്കുന്നു. അതേസമയം ഭാര്യ അവരുടെ രണ്ട് കുട്ടികളെ പരിപാലിക്കുന്നു. വഴക്കുണ്ടായ പിറ്റേദിവസം ഭാര്യ ഡിഷ്‍വാഷര്‍ തിരികെ നൽകുകയും ഭര്‍ത്താവ് അവരോട് മാപ്പ് ചോദിക്കുകയും ചെയ്തു. ആ സമയം തന്‍റെ മാനസികാവസ്ഥ മോശമായിരുന്നുവെന്നും ഇനി നന്നായി പെരുമാറുമെന്നും ചെറിയൊരു ഡിഷ് വാഷര്‍ വാങ്ങുമെന്നും ഭര്‍ത്താവ് പറഞ്ഞു.
സംഭവം ഓൺലൈനിൽ വ്യാപക ചർച്ചക്ക് വഴിയൊരുക്കി. ചിലർ ഭർത്താവിന്റെ അക്രമാസക്തമായ പ്രവൃത്തികളെ വിമർശിച്ചു. മറ്റു ചിലർ ഭാര്യ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
Adjust Story Font
16
