'ബംഗാളി സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു, പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേ?'; മമത ബാനര്‍ജി
ശ്ചിമ ബംഗാളിലെ എല്ലാ പൗരന്മാർക്കും ശരിയായ ഐഡി കാർഡുകളും തിരിച്ചറിയൽ രേഖകളും ഉണ്ട്

കൊൽക്കത്ത: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന ജനങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കൊൽക്കത്തയിൽ പ്രതിഷേധ മാര്‍ച്ച്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിൽ നടന്ന മാര്‍ച്ചിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളും ആയിരക്കണക്കിന് ആളുകൾക്കൊപ്പം തെരുവിലിറങ്ങി.
മധ്യ കൊൽക്കത്തയിലെ കോളജ് സ്‌ക്വയറിൽ നിന്ന് ഉച്ചയ്ക്ക് 1.45 ഓടെ ആരംഭിച്ച മാർച്ച് ധർമ്മതലയിലെ ഡോറിന ക്രോസിംഗിൽ അവസാനിക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ബാരിക്കേഡുകൾ സ്ഥാപിച്ച നടപ്പാതകളിലും സമീപ കെട്ടിടങ്ങളിലും ഏകദേശം 1,500 പൊലീസ് ഉദ്യോഗസ്ഥരും അണിനിരന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തിന്റെ മധ്യഭാഗങ്ങളിലെ ഒന്നിലധികം പ്രധാന റോഡുകളിലൂടെ വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു. "ബംഗാളി സംസാരിക്കുന്ന എല്ലാവരെയും ബിജെപി ബംഗ്ലാദേശി റോഹിങ്ക്യകൾ എന്ന് വിളിക്കുന്നു. റോഹിങ്ക്യകൾ മ്യാൻമറിൽ താമസിക്കുന്നു. ഇവിടെ, പശ്ചിമ ബംഗാളിലെ എല്ലാ പൗരന്മാർക്കും ശരിയായ ഐഡി കാർഡുകളും തിരിച്ചറിയൽ രേഖകളും ഉണ്ട്. ബംഗാളിന് പുറത്തേക്ക് പോയ തൊഴിലാളികൾ സ്വന്തം റിസ്കിലല്ല പോയത്. അവർക്ക് കഴിവുകളുള്ളതുകൊണ്ടാണ് അവരെ ജോലിക്കെടുത്തിരിക്കുന്നത്. ബംഗാളി സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. എന്തുകൊണ്ട്? പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേ?" പ്രതിഷേധ മാർച്ചിനിടെ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മമത ബാനർജി ചോദിച്ചു. ബംഗാളികളോടുള്ള ബിജെപിയുടെ മനോഭാവത്തിൽ ഞാൻ ലജ്ജിക്കുന്നു, ഞാൻ നിരാശയിലാണ്...മമത കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തുടനീളമുള്ള ജില്ലാ ആസ്ഥാന നഗരങ്ങളിലും ടിഎംസി സമാനമായ പ്രതിഷേധങ്ങൾ നടത്തി.അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് പ്രകടനങ്ങൾ നടന്നത്. ഒഡിഷ ജാർസുഗുഡയിൽ 444 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തതാണ് പ്രതിഷേധ മാർച്ചിന് കാരണമായത്. അവരിൽ 200 പേർ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്ന് ടിഎംസി അവകാശപ്പെട്ടു.
ജൂലൈ 21 ന് നടക്കുന്ന വാർഷിക ഷാഹിദ് ദിബാസ് റാലിക്ക് മുന്നോടിയായി ഭരണകക്ഷിയായ ടിഎംസി സാധാരണയായി പ്രധാന പൊതുപരിപാടികൾ നടത്താറില്ല. എന്നാൽ ഒഡീഷയിൽ കുടിയേറ്റ തൊഴിലാളികളെ തടഞ്ഞുവച്ചതും ഡൽഹിയിലെ കുടിയിറക്കൽ നടപടികളും അസമിലെ ഫോറിനേഴ്സ് ട്രൈബ്യൂണൽ കൂച്ച് ബെഹാറിലെ ഒരു കർഷകന് നൽകിയ നോട്ടീസും ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങളുടെ പരമ്പര പാർട്ടിയെ നിലപാട് മാറ്റാൻ നിർബന്ധിതരാക്കി.
Adjust Story Font
16

