Quantcast

'പറയാത്തത് പ്രസിദ്ധീകരിച്ചു'; ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ശശി തരൂർ

അടിയന്തര നടപടി ആവശ്യപ്പെട്ട് തരൂരിന്‍റെ ട്വീറ്റ്

MediaOne Logo

Web Desk

  • Published:

    4 Oct 2022 11:06 AM IST

പറയാത്തത് പ്രസിദ്ധീകരിച്ചു; ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനെതിരെ ശശി തരൂർ
X

ന്യൂഡൽഹി: മല്ലികാർജ്ജുൻ ഖാർഗെയെ കുറിച്ച് താൻ പറയാത്ത വാക്കുകൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചെന്ന് ശശി തരൂർ എം.പി. അടിയന്തരമായി തിരുത്തൽ പ്രസിദ്ധീകരിക്കണമെന്നും തരൂർ ട്വിറ്ററിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളാണ് തരൂരും ഖാര്‍ഗെയും.

'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഞാൻ ഉപയോഗിക്കാത്ത ഒരു വാക്കെടുത്ത് എന്റേതായി നൽകിയിട്ടുണ്ട്. ഖാർഗെയെ കുറിച്ച് 'ആൻ ഇഗ്നോറന്റ് ഏജന്റ് ഓഫ് ചെയ്ഞ്ച്' (മാറ്റത്തെ കുറിച്ച് അറിവില്ലാത്ത ഏജന്റ്) എന്ന് ഞാൻ വിളിച്ചു എന്നാണ് പത്രം പറയുന്നത്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. അതിന്റെ അർത്ഥം എന്താണ് എന്നു പോലും എനിക്കറിയില്ല. അടിയന്തരമായ നടപടി ആവശ്യപ്പെടുന്നു' - എഡിറ്റർ പ്രഭു ചാവ്‌ലയെ ടാഗ് ചെയ്ത് തരൂർ ആവശ്യപ്പെട്ടു.


തരൂർ ഹൈദരാബാദിൽ എത്തിയ വേളയിൽ മാധ്യമങ്ങളോട് സംസാരിച്ചതാണ് പത്രം വാർത്തയാക്കിയത്. താനും ഖാർഗെയും തമ്മിൽ പ്രത്യയശാസ്ത്രപരമായ ഭിന്നതകളില്ലെന്നും ബിജെപിയെ നേരിടാൻ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടതുണെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.

'അദ്ദേഹം (ഖാർഗെ) മാറ്റത്തിന്റെ വക്താവാണ് എന്നായിരുന്നു ധാരണ. നേതൃത്വത്തിൽ നമ്മൾ മാറ്റങ്ങൾ കണ്ടിട്ടുണ്ട്. അദ്ദേഹം അതു ചെയ്യാത്തതു മുതൽ... അദ്ദേഹം മാറ്റത്തെ കുറിച്ച് അജ്ഞനായ വക്താവാണ്' - എന്നാണ് പത്രം പ്രസിദ്ധീകരിച്ചത്.



അതിനിടെ, തെലങ്കാനയിൽ നിന്ന് കൂടുതൽ പിന്തുണ തേടിയുള്ള തരൂരിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയേറ്റു. തരൂരിന്റെ പ്രചാരണ പരിപാടികളിൽനിന്ന് പിസിസി നേതാക്കൾ വിട്ടുനിന്നതിനൊപ്പം പത്രിക പിൻവലിക്കാനും നേതാക്കൾ ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി ചിന്താ മോഹൻ അടക്കമുള്ളവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് കുണ്ടുരു ജന റെഡ്ഢി, ഉപനേതാവ് ഭട്ടി വിക്രമാർക തുടങ്ങിയ നേതാക്കൾ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രചാരണത്തിനായി ശശി തരൂർ ഇന്ന് കേരളത്തിലാണുള്ളത്. ഒരു സ്ഥാനാർത്ഥിക്കും പരസ്യ പിന്തുണ നൽകരുതെന്ന എഐസിസി മാർഗനിർദേശം തള്ളി ഖാർഗെയ്ക്ക് പിന്തുണ നൽകിയ കെപിസിസിയുടെ നടപടിയിൽ തരൂരിന് അതൃപ്തിയുണ്ട്. എന്നാൽ തരൂരിന്റെ അതൃപ്തി കാര്യമാക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. എന്നാൽ സംസ്ഥാനത്തു നിന്നുള്ള നിരവധി യുവ നേതാക്കൾ തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story