'എനിക്ക് ആറ് മക്കളുണ്ട്, നാല് മക്കൾക്കായി നിങ്ങളും ശ്രമിക്കൂ, ആരും തടയില്ല'; കൂടുതൽ കുട്ടികൾക്കായി ആഹ്വാനം ചെയ്ത ബിജെപി വനിതാ നേതാവിനോട് ഉവൈസി
മഹാരാഷ്ട്രയിൽ രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

- Updated:
2026-01-05 09:38:15.0

ഹൈദരാബാദ്: രാജ്യത്തെ ഹിന്ദുക്കൾക്ക് നാല് കുട്ടികൾ വീതം വേണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയ ബിജെപി നേതാവ് നവനീത് കൗർ റാണയ്ക്ക് മറുപടിയുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി എംപി. തനിക്ക് ആറ് മക്കളുണ്ടെന്നും നാല് കുട്ടികൾക്ക് ജന്മം നൽകുന്നതിൽ നിന്ന് നിങ്ങളെ ആരാണ് തടയുന്നതെന്നും നവനീത് കൗറിനോട് ഉവൈസി ചോദിച്ചു.
മഹാരാഷ്ട്രയിൽ രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ഈ നിയമം തെലങ്കാനയിലുമുണ്ടായിരുന്നു. എന്നാൽ അത് പിന്നീട് ഒഴിവാക്കി. ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതിന്റെ സാന്നിധ്യത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു മൂന്നിൽ കൂടുതൽ കുട്ടികളെക്കുറിച്ച് സംസാരിച്ചത് ഉവൈസി ഓർമിപ്പിച്ചു.
'അതുകൊണ്ട് ധൈര്യമായും ശ്രമിച്ചോളൂ, ആരും നിങ്ങളെ തടയില്ല'- ഉവൈസി കൂട്ടിച്ചേർത്തു. രാജ്യത്തെ ജനസംഖ്യാ ഘടന പാകിസ്താനിലേതിന് തുല്യമാകാതിരിക്കാൻ ഹിന്ദുക്കളെല്ലാവരും കുറഞ്ഞത് മൂന്നോ നാലോ കുട്ടികളെയെങ്കിലും ജനിപ്പിക്കണമെന്നായിരുന്നു മഹാരാഷ്ട്രയിലെ ബിജെപി നേതാവായ നവനീത് കൗർ റാണയുടെ ആഹ്വാനം. മൗലാനമാർക്ക് നാല് ഭാര്യമാരും 19 കുട്ടികളുണ്ടെന്നും അവർ ഇന്ത്യയെ പാകിസ്താനാക്കാൻ നോക്കുകയാണെന്നും കൗർ ആരോപിച്ചിരുന്നു.
'മൗലാനമാർക്ക് 19 കുട്ടികളും നാല് ഭാര്യമാരുമുണ്ട്. ധാരാളം കുട്ടികൾക്ക് ജന്മം നൽകി ഹിന്ദുസ്ഥാനെ പാകിസ്താനാക്കി മാറ്റാനാണ് അവർ പദ്ധതിയിടുന്നത്. പിന്നെ എന്തിന് ഒരു കുട്ടി കൊണ്ട് നമ്മൾ തൃപ്തിപ്പെടണം? നമ്മൾ മൂന്നോ നാലോ കുട്ടികൾക്ക് ജന്മം നൽകണം. എല്ലാ ഹിന്ദു സഹോദരന്മാരോടും സഹോദരിമാരോടും ഞാൻ പറയുകയാണ്. നമുക്ക് കുറഞ്ഞത് മൂന്നോ നാലോ കുട്ടികളെങ്കിലും വേണം. അത് അത്യാവശ്യമാണ്'- കൗർ വിശദമാക്കി.
കൗറിന്റെ പരാമർശം വിവാദമാവുകയും വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ആർഎസ്‌എസിന്റെയും ബിജെപിയുടേയും ഇത്തരം ഭ്രാന്തൻ ചിന്തകൾ അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസ് എംപി മാണിക്കം ടാഗോർ ആവശ്യപ്പെട്ടത്. ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് മുമ്പ് പറഞ്ഞിരുന്നു. മൂന്നിൽ താഴെ ജനനനിരക്കുള്ള സമൂഹങ്ങൾക്ക് പതുക്കെ വംശനാശം സംഭവിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് മൂന്നിൽ കുടുതൽ ജനനനിരക്ക് നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ആർഎസ്എസ് തലവൻ അഭിപ്രായപ്പെട്ടിരുന്നു.
Adjust Story Font
16

