Quantcast

മധ്യപ്രദേശിൽ കോപ്പിയടിച്ചു എന്നാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ വിദ്യാർഥിയെ തല്ലി

ഭിണ്ഡ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജീവ് ശ്രീവാസ്തവയാണ് ദീൻദയാൽ ദംഗ്രൗലിയ മഹാവിദ്യാലയത്തിലെ ബിഎസ്‌സി രണ്ടാം വർഷ ഗണിത വിദ്യാർഥിയെ തല്ലിയത്

MediaOne Logo

Web Desk

  • Published:

    13 July 2025 1:01 PM IST

മധ്യപ്രദേശിൽ കോപ്പിയടിച്ചു എന്നാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ വിദ്യാർഥിയെ തല്ലി
X

ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ഒരു പരീക്ഷക്കിടെ കോപ്പിയടിച്ചു എന്നാരോപിച്ച് വിദ്യാർഥിയെ തല്ലി ഐഎഎസ് ഉദ്യോഗസ്ഥൻ. ഭിണ്ഡ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജീവ് ശ്രീവാസ്തവയാണ് ദീൻദയാൽ ദംഗ്രൗലിയ മഹാവിദ്യാലയത്തിലെ ബിഎസ്‌സി രണ്ടാം വർഷ ഗണിത വിദ്യാർഥിയായ രോഹിത് റാത്തോഡിനെ തല്ലിയത്. ഉദ്യോഗസ്ഥൻ ഒരു കടലാസുമായി വിദ്യാർഥിയുമായി തർക്കിക്കുന്നതും ബെഞ്ചിൽ നിന്ന് വലിച്ചിറക്കി ആവർത്തിച്ച് അടിക്കുന്നതും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ കാണാം.

അടിയിൽ തന്റെ ചെവിക്ക് പരിക്കേറ്റു എന്ന് വിദ്യാർഥി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 'അദ്ദേഹം ഒരു ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.' രോഹിത് പറഞ്ഞു. എന്നാൽ കോളജിൽ കൂട്ട കോപ്പിയടി നടന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് അത് അന്വേഷിക്കുന്നതിന് വേണ്ടിയാണ് താൻ അവിടെ പോയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഈ കോളജ് പരീക്ഷാ കേന്ദ്രമായി ഉപയോഗിക്കരുതെന്ന് ശുപാർശ ചെയ്ത് താൻ സർവകലാശാലക്ക് കത്തെഴുതിയിട്ടുണ്ടെന്നും സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു.

'ഈ വിദ്യാർഥിയുടെ കൈവശം മാത്രമാണ് ചോദ്യപേപ്പർ ഇല്ലാത്തത് എന്ന് ഞാൻ ശ്രദ്ധിച്ചു. ചോദ്യം ചെയ്തപ്പോൾ ചോദ്യപേപ്പർ പരിഹരിക്കാൻ പുറത്തേക്ക് അയച്ചതാണെന്നും ഉത്തരങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണമെന്നും വിദ്യാർഥി സമ്മതിച്ചു.' സഞ്ജീവ് ശ്രീവാസ്തവ കൂട്ടിച്ചേർത്തു. കൂട്ട തട്ടിപ്പ് തടയുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.


TAGS :

Next Story