Quantcast

കോൺഗ്രസ് അധ്യക്ഷനായാൽ ഇംഗ്ലീഷ് രാജാവായ താങ്കൾ ഹിന്ദിയും കീഴടക്കുമോ? ഹിന്ദിയിൽ ശശി തരൂരിന്റെ മാസ്സ് മറുപടി

പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പന്തുണ നൽകിയതോടെയാണ് തരൂർ മത്സരത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-09-30 09:26:58.0

Published:

30 Sep 2022 9:21 AM GMT

കോൺഗ്രസ് അധ്യക്ഷനായാൽ ഇംഗ്ലീഷ് രാജാവായ താങ്കൾ ഹിന്ദിയും കീഴടക്കുമോ? ഹിന്ദിയിൽ ശശി തരൂരിന്റെ മാസ്സ് മറുപടി
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയാണ് ശശി തരൂർ എം.പി. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം കൊണ്ട് ജനശ്രദ്ധയാകർഷിച്ച തരൂർ രാജ്യത്തിന്റെ ഇതര ഇടങ്ങളിലടക്കം രാഷ്ട്രീയ പ്രവർത്തനം സജീവമാക്കാനായി ഹിന്ദിയിലും കഴിവ് നേടുമോയെന്ന ചോദ്യത്തിന് മിറർ നൗ ചാനൽ ചർച്ചയിൽ നൽകിയ മാസ്സ് മറുപടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

'ഇന്ത്യയിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ഹിന്ദി പറഞ്ഞേ മതിയാകൂ. ഞാനെന്റെ രീതിയിൽ ഹിന്ദി സംസാരിക്കുന്നുണ്ട്. യു.പിയിൽ നിന്നൊരു നേതാവ് എന്നെ പോലെ മലയാളം സംസാരിക്കുന്നുവെങ്കിൽ മാത്രമേ ഞാൻ ലജ്ജിക്കേണ്ടതുള്ളൂ. ഏതായാലും ജനങ്ങൾക്ക് ഞാൻ പറയുന്ന കാര്യങ്ങളും എനിക്ക് അവരുടെ ആശകളും പ്രയാസങ്ങളും മനസ്സിലാകുന്ന തരത്തിൽ ഹിന്ദി സംസാരിക്കാൻ കഴിയുമെന്ന് പറയാനാകും' ശശി തരൂർ പറഞ്ഞു. ഇതോടെ ആശംസകൾ പറഞ്ഞ് അവതാരക കീഴടങ്ങുകയായിരുന്നു.

മല്ലികാർജുൻ ഖാർഗെയാണ് ശശി തരൂരിന് പുറമേ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പന്തുണ നൽകിയതോടെയാണ് തരൂർ മത്സരത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. പരിഷ്‌കരണം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളിൽ പ്രമുഖനായിരുന്നു തരൂർ.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പിന്തുണക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ ജി 23 നേതാക്കൾ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനത്തിൽ അപ്രതീക്ഷിതമായാണ് ഇവർ നിലപാടു മാറ്റിയത്. ജി 23യിലെ പൃത്ഥ്വിരാജ് ചവാൻ, മനീഷ് തിവാരി, ഭൂപീന്ദർ സിങ് ഹൂഡ, ആനന്ദ് ശർമ്മ എന്നിവരാണ് ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. 23 പേരുടെ മാത്രമല്ല, 9000 പേരുടെ പിന്തുണയും തനിക്കു വേണമെന്ന് തരൂർ എൻഡിടിവിയോട് പ്രതികരിച്ചു. താൻ ജി23യുടെ മത്സരാർത്ഥിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നാണ് സോണിയാ ഗാന്ധി അറിയിച്ചിട്ടുള്ളത്. എന്നെ സംബന്ധിച്ച്, ഗാന്ധി കുടുംബം നിഷ്പക്ഷ നിലപാടാണെടുക്കുന്നത്. പ്രിയങ്ക ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ഞാൻ ആശയവിനിമയം നടത്തി. അവരിൽനിന്നും അങ്ങനെയൊരു സന്ദേശമാണ് ലഭിച്ചത്. ദിഗ് വിജയ് സിങ് സോണിയാ ഗാന്ധിയെ കണ്ടപ്പോഴും ഇതേ സന്ദേശമാണ് കിട്ടിയത്' - തരൂർ പറഞ്ഞു.

നിരവധി നേതാക്കളുടെ അകമ്പടിയോടെയാണ് തരൂർ എഐസിസി ആസ്ഥാനത്ത് പത്രിക സമർപ്പിക്കാനെത്തിയത്. ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇദ്ദേഹം പാർട്ടി ആസ്ഥാനത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്പത് പേരാണ് തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പുവച്ചിട്ടുള്ളത്.

അതിനിടെ, പദവിയിലേക്ക് മത്സരിക്കുമെന്ന് കരുതിയിരുന്ന ദിഗ് വിജയ് സിങ് അവസാന നിമിഷം പിന്മാറിയതോടെയാണ് സ്ഥാനാർത്ഥിത്വം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെയിലെത്തിയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. ഒരാൾ, ഒരു പദവി പ്രകാരം അധ്യക്ഷ പദവിയിലെത്തുമ്പോൾ ഈ സ്ഥാനം ഒഴിയേണ്ടി വരും.

2005ൽ കർണാടക പിസിസി അധ്യക്ഷനായിരുന്നു ഖാർഗെ. കർണാടക നിയമസഭയിൽ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ൽ ആദ്യമായി ലോക്‌സഭാ അംഗം. പിന്നീട് പ്രവർത്തന മേഖല ഡൽഹിയിൽ. യുപിഎ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. റെയിൽ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിച്ച് കോൺഗ്രസ് സഭാ കക്ഷി നേതാവായി. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, മറാത്തി ഭാഷകളിലെ പ്രാവീണ്യം ഖാർഗെക്ക് ശക്തി കൂട്ടും.

മുൻ യു.എൻ അണ്ടർ സെക്രട്ടറിയായ ശശി തരൂർ ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലയിൽ പ്രശസ്തനാണ്. 2009 മുതൽ ശശി തരൂർ ലോക്‌സഭാംഗമാണ്. രണ്ട് തവണ കേന്ദ്ര സഹമന്ത്രി സ്ഥാനവും ലഭിച്ചു. ജി23യുടെ നേതൃനിരയിലിരുന്ന് നേതൃത്വത്തിനെതിരെ വിമർശനങ്ങളുന്നയിച്ചു.

ഖാർഗെയുടെ പത്രികയിൽ എ.കെ ആന്റണിയടക്കം ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവർ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാർഥിയെന്ന പരിവേഷമാണ് ഖാർഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാർഥിയുണ്ടാവില്ലെന്നും ആർക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവർക്ക് വോട്ട് നൽകുമെന്നാണ് കേരളത്തിലെ പ്രമുഖ നേതാക്കളടക്കം വ്യക്തമാക്കിയത്.

If you become Congress president, will you conquer Hindi too? Shashi Tharoor's Mass Reply in Hindi

TAGS :

Next Story