Quantcast

'മോദിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകും'; പ്രകീർത്തിച്ച് ഇളയരാജ

"മുത്തലാഖ് നിരോധന നിയമം സ്ത്രീകളെ ശാക്തീകരിച്ചു "

MediaOne Logo

Web Desk

  • Updated:

    2022-04-17 04:03:51.0

Published:

17 April 2022 3:58 AM GMT

മോദിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകും; പ്രകീർത്തിച്ച് ഇളയരാജ
X

ചെന്നൈ: ഭരണഘടനാ ശിൽപ്പി ഡോ. ഭീംറാവു അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താരതമ്യം ചെയ്ത് തമിഴ് സംഗീത സംവിധായകൻ ഇളയരാജ. വാക്കുകളിലല്ല, പ്രവൃത്തികളിൽ വിശ്വസിക്കുന്നവരാണ് രണ്ടു പേരുമെന്ന് ഇളയരാജ പറഞ്ഞു. ബ്ലൂ കാർട്ട് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച 'അംബേദ്കർ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെർഫോമേഴ്സ് ഇംപ്ലിമെന്റേഷൻ' എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഇളയരാജയുടെ താരതമ്യം.

'ഈ പുസ്തകം ഡോ. ബിആർ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അത്ഭുതകരമായ സാദൃശ്യം പുറത്തുകൊണ്ടുവരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ മുഖം മാറ്റുന്നതിൽ ഇരുവരും വിജയിച്ചു. രണ്ടു പേരും ദാരിദ്ര്യത്തെയും ശ്വാസംമുട്ടിക്കുന്ന സാമൂഹിക ഘടനയെയും അഭിമുഖീകരിച്ചിട്ടുണ്ട്. അവ തകർക്കുന്നതിൽ വിജയിക്കുകയും ചെയ്തു. രണ്ടു പേരും ഇന്ത്യയ്ക്കു വേണ്ടി വലിയ സ്വപ്‌നങ്ങൾ കണ്ടു. എന്നാൽ ചിന്തയേക്കാൾ പ്രവൃത്തിയിലാണ് ഇരുവരും വിശ്വസിച്ചത്.'- ഇളയരാജ എഴുതി.

സാമൂഹിക പരിവർത്തനം ലക്ഷ്യമിട്ട് മോദി കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം, ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി തുടങ്ങിയവയിൽ ഡോ അംബേദ്കർ അഭിമാനിതനാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 14നാണ് ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ പുസ്തകം പ്രസിദ്ധപ്പെടുത്തിയത്.

അതേസമയം, മോദിയെയും അംബേദ്കറിനെയും താരതമ്യം ചെയ്തതിൽ ഇളയരാജയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. വർണവിവേചനവും മനുധർമവും അടിച്ചമർത്തിയ ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു അംബേദ്കറെന്നും മോദി മനുധർമ്മ വാദിയാണെന്നും ഡിഎംകെ നേതാവ് ടിഎസ്‌കെ ഇളങ്കോവൻ പറഞ്ഞു.



ബിജെപി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം പിഴവുകൾ നിറഞ്ഞതാണ്. മുത്തലാഖ് ചൊല്ലിയ പുരുഷനെ മൂന്നു വർഷം തടവിനു ശിക്ഷിക്കുന്നതാണ് നിയമം. പാകിസ്താനിലെ മുത്തലാഖ് വേണം എന്നൊന്നും പറയുന്നില്ല. എന്നാല്‍ ഇത് മുസ്‌ലിം പുരുഷന് എതിരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിച്ചിരുന്നവർ ഇപ്പോൾ ഇളയരാജയെ തെറി പറയുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി പറഞ്ഞു. അഴിമതിക്കാരും തൊഴിൽരഹിതരുമാണ് ഇളയരാജയ്‌ക്കെതിരെ സംസാരിക്കുന്നത്. ദളിതരുടെയും അടിച്ചമർത്തപ്പെട്ട ജനതയുടെയും പേരിൽ ഇവർ ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു.- അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story