Quantcast

എയർ ഇന്ത്യയുടെ സി.ഇ.ഒ സ്ഥാനം നിരസിച്ച് മെഹ്‌മത് ഇൽകർ അയ്ജി

തന്റെ നിയമനത്തെ ഇന്ത്യൻ മാധ്യമങ്ങൾ 'നിറം' നൽകിയെന്ന് ഇൽകർ അയ്ജി

MediaOne Logo

Web Desk

  • Updated:

    2022-03-01 15:49:30.0

Published:

1 March 2022 9:08 AM GMT

എയർ ഇന്ത്യയുടെ സി.ഇ.ഒ സ്ഥാനം നിരസിച്ച് മെഹ്‌മത് ഇൽകർ അയ്ജി
X

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനവും മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നിരസിച്ച് മെഹ്‌മത് ഇൽകർ അയ്ജി. സ്ഥാനം ഏറ്റെടുക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് എയ്‌സിയുടെ പുതിയ പ്രഖ്യാപനമെന്ന് വ്യോമയാന വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.'തന്റെ നിയമനത്തെ ഇന്ത്യൻ മാധ്യമങ്ങൾ 'നിറം' നൽകിയതായി' മെഹ്‌മത് ഇൽകർ അയ്ജി പ്രസ്താവനയിൽ പറഞ്ഞു. 'അത്തരമൊരു ആഖ്യാനത്തിന്റെ നിഴലിൽ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായ തീരുമാനമോ ആയിരിക്കില്ല എന്ന നിഗമനത്തിലാണ് ഞാൻ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരനുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ താൻ സ്ഥാനം ഒഴിയുകയാണെന്ന് ഖേദപൂർവ്വം അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

'പ്രൊഫഷണൽ എത്തിക്‌സിന് എല്ലായ്പ്പോഴും മുൻഗണന നൽകുന്ന ബിസിനസ്സ് നേതാവ് എന്ന നിലയിലും എല്ലാറ്റിനുമുപരിയായി, എന്റെ കുടുംബത്തിന്റെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി ഈ സ്ഥാനം സ്വീകരിക്കുന്നത് പ്രായോഗികമോ മാന്യമായതോ ആയ തീരുമാനമായിരിക്കില്ല എന്ന നിഗമനത്തിലാണെത്തിയിരിക്കുന്നത്. ഭാരിച്ച ഹൃദയത്തോടെയാണ് ഞാൻ ഈ തീരുമാനം എടുക്കുന്നത്. ഞാൻ വളരെയധികം ആരാധിക്കുന്ന എയർ ഇന്ത്യയ്ക്കും ടാറ്റ ഗ്രൂപ്പിനും എല്ലാ വിജയങ്ങളും നേരുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.

തുർക്കി പൗരനെ എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നതിനെതിരെ ആർ.എസ്.എസ് സംഘനകൾ രംഗത്തെത്തിയിരുന്നു. തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് തയ്യിപ് എർദോഗനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണെന്ന് പറഞ്ഞ് ആർ.എസ്.എസ്-അഫിലിയേറ്റ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്( എസ്.ജെ.എം) കോർഡിനേറ്റിംഗ് കൺവീനർ അശ്വനി മഹാജൻ രംഗത്തെത്തിയിരുന്നു.

തുർക്കി എയർലൈൻസിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് മെഹ്‌മത് ഇൽകർ അയ്ജി. തുർക്കിയുടെ നിലവിലെ പ്രസിഡന്റായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇസ്താംബൂൾ മേയറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഉപദേശകനായും അയ്ജി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വർഷം അവസാനം നടന്ന യുഎൻ ജനറൽ അസംബ്ലി സെഷനിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്ത ഉര്‍ദുഗാന്‍ കശ്മീർ വിഷയവും പരാമർശിച്ചിരുന്നു.പൂർണമായും അസ്വീകാര്യമെന്നാണ് ഇന്ത്യ അന്ന് അതിനെ വിശേഷിപ്പിച്ചത്. ഈ വിഷയങ്ങളെല്ലാം കൂട്ടിചേർത്താണ് മെഹ്‌മത് ഇൽകർ എയ്‌സിക്കെതിരെ ആർ.എസ്.എസ് സംഘടനകൾ രംഗത്തെത്തിയിരുന്നത്.


വ്യോമയാന മേഖലയിലെ മുൻകാല പരിചയവും ഏഴ് വർഷം കൊണ്ട് തുർക്കിഷ് എയർലെയിനുണ്ടാക്കിയ അഭൂതപൂർവമായ വളർച്ചയും പരിഗണിച്ചാണ് മെഹ്‌മത് ഇൽകർ അയ്ജിയെ ടാറ്റ ഗ്രൂപ്പ് സി.ഇ.ഒയായി നിയമിച്ചത്.

106 രാജ്യങ്ങളിലായി 45 ആഭ്യന്തര സർവീസുകളും 206 അന്താരാഷ്ട്ര സർവീസുകളും നടത്തുന്ന സമയത്താണ് അദ്ദേഹം തുർക്കിഷ് എയർലൈൻസിന്റെ ചെയർമാനായത്. 2021 അവസാനത്തോടെ, തുർക്കിഷ് എയർലൈൻസ് 128 രാജ്യങ്ങളിലായി 328 സർവീസുകൾ നടത്തുന്നതിലേക്ക് വ്യാപിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് 70 വിമാനത്താവളങ്ങളിലേക്കും 20 അധിക രാജ്യങ്ങളിലേക്കും എയർലൈൻ സർവീസുകൾ വിപുലീകരിച്ചു. എയ്സി ചെയർമാനായിരിക്കുന്ന സമയത്ത് വിമാനങ്ങളുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായത്. എയർലൈൻസിന് 2014ൽ 249 വിമാനങ്ങളാണുണ്ടായിരുന്നെങ്കിൽ ഇന്നത് 372 ആയി ഉയർന്നു. സ്റ്റാർ അലയൻസ് അംഗം എന്നതിന് പുറമെ, തുർക്കിഷ് എയർലെൻസിന് മറ്റ് എയർലൈനുകളിലും കമ്പനികളിലും ഓഹരികളുണ്ട്. ഇതെല്ലാം എയ്സി ഗ്രൂപ്പ് സി.ഇ.ഒആയിരുന്ന കാലത്താണ് നടന്നത്.

TAGS :

Next Story