'ഭ്രാന്തൊന്നുമില്ല, എനിക്കെന്തിനാണ് ആർസിബി'; ഫ്രാഞ്ചൈസി വാങ്ങിയെന്ന വാർത്തകളിൽ ഡി.കെ ശിവകുമാർ
'എനിക്ക് എന്തിനാണ് ആർസിബി? റോയൽ ചാലഞ്ച് പോലും ഞാൻ കുടിക്കാറില്ല''

ബംഗളൂരു: ഐപിഎൽ ടീമും നിലവിലെ ചാമ്പ്യന്മാരുമായ റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരു (ആർസിബി) ഫ്രാഞ്ചൈസി വാങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാർ.
താനിക്ക് ഭ്രാന്തില്ലെന്നും ഫ്രാഞ്ചൈസി വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. "എനിക്ക് എന്തിനാണ് ആർസിബി? ഞാൻ റോയൽ ചാലഞ്ച് പോലും കുടിക്കാറില്ല. ചെറുപ്പം മുതൽ കർണാടക ക്രിക്കറ്റ് അസോസിയേഷനിൽ (കെഎസ്‌സിഎ) അംഗമാണ്. ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ ഓഫറുകൾ ഉണ്ടായിരുന്നിട്ടും ചേര്‍ന്നില്ല. അതിനുവേണ്ടി കളയാന്‍ സമയമില്ല''- ഡി.കെ ശിവകുമാർ പറഞ്ഞു.
ബ്രിട്ടീഷ് ഡിസ്റ്റിലറും ആർസിബിയുടെ നിലവിലെ ഉടമയുമായ ഡിയാജിയോ പിഎൽസി, ഫ്രാഞ്ചൈസി വിൽക്കാൻ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഡി.കെ ശിവകുമാർ ഫ്രാഞ്ചൈസി വാങ്ങാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായത്. ഫ്രാഞ്ചൈസിയുടെ മൂല്യം രണ്ട് ബില്യണ്‍ ഡോളര്‍വരെ ഉയര്‍ന്നതായി വിലയിരുത്തപ്പെടുന്നു.
ഐപിഎൽ കിരീടം നേടിയതിന് ശേഷം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ വാർത്തകളും വരുന്നത്.
Adjust Story Font
16

