Quantcast

'വാഹനങ്ങൾ പിടിച്ചെടുക്കണം, കരിമ്പട്ടികയിൽപ്പെടുത്തണം'; ട്രാഫിക് നിയമലംഘനങ്ങളിൽ കർശന നടപടിയുമായി സുപ്രിംകോടതി

തങ്ങൾ നൽകുന്ന നിർദേശങ്ങൾ വെറും കടലാസിലൊതുങ്ങുകയും നടപ്പാക്കാതിരിക്കുകയും ചെയ്താൽ അധികൃതർക്ക് അത്ര രസിക്കാത്ത കർശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി

MediaOne Logo
Supreme Court slams states over pre-poll freebies
X

ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാൻ പിഴയടയ്ക്കാത്ത വാഹനങ്ങൾ പരിശോധനകളിൽ കണ്ടെത്തിയാൽ പിടിച്ചെടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രിംകോടതി നിർദേശം നൽകി. കുടിശ്ശികയുള്ള പിഴ പൂർണമായും അടച്ചുതീർക്കുന്നതുവരെ വാഹനവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു. രാജ്യത്താകെ 23,000 കോടിയിലധികം രൂപയുടെ ട്രാഫിക് പിഴ കുടിശ്ശികയായി കിടക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയുടെ കർശന ഇടപെടൽ.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് 2012 മുതൽ കോടതിയുടെ പരിഗണനയിലുള്ള 'എസ്.രാജശേഖരൻ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ' കേസിലാണ് സെപ്റ്റംബർ 28-ന് ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

നിയമലംഘനം നടത്തുന്നവർക്ക് ലക്ഷക്കണക്കിന് ഇ-ചലാനുകൾ നൽകിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും ചുമത്തുന്ന പിഴ എങ്ങനെ ഈടാക്കുന്നു എന്നതാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. കുടിശ്ശിക പിരിച്ചെടുക്കുന്നതിന് നിലവിലെ രീതി പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയാണ് കർശന നടപടികളിലേക്ക് കടക്കാൻ ബെഞ്ച് ഉത്തരവിട്ടത്. പരിശോധനകളിൽ ഇ-ചലാൻ അടയ്ക്കാത്ത വാഹനങ്ങൾ കണ്ടെത്തിയാൽ അവ പിടിച്ചെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.

ഓൺലൈൻ സേവനങ്ങൾക്ക് വിലക്ക്, ഉടമസ്ഥാവകാശ കൈമാറ്റവും തടയും

പിഴയടയ്ക്കാത്ത വാഹനങ്ങൾക്ക് ആർ.സി പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർ.സി അനുവദിക്കൽ, വിലാസം മാറ്റൽ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ തടയണം. കുടിശ്ശിക മുഴുവൻ തീർക്കാതെ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകരുത്. ഇത്തരം വാഹനങ്ങളെ പരിവാഹൻ പോർട്ടലിൽ ബ്ലാക്ക്ലിസ്റ്റ് ചെയ്യണം. ഇതോടെ വാഹനങ്ങൾ വിൽക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഉടമസ്ഥാവകാശ കൈമാറ്റവും തടയണം.

കൂടാതെ, ഒരു കേന്ദ്രവും ഇങ്ങനെയുള്ള വാഹനങ്ങൾക്ക് പുകപരിശോധനാ സർട്ടിഫിക്കറ്റ് (പിയുസി) അനുവദിക്കരുത്. ആവർത്തിച്ച് നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് തടയണമെന്നും നിലവിലുള്ള ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

തങ്ങൾ നൽകുന്ന നിർദേശങ്ങൾ വെറും കടലാസിലൊതുങ്ങുകയും നടപ്പാക്കാതിരിക്കുകയും ചെയ്താൽ അധികൃതർക്ക് അത്ര രസിക്കാത്ത കർശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഇതുവരെ നൽകിയ ഇ-ചലാനുകളിൽ 49,194.05 കോടി രൂപ പിരിച്ചെടുക്കേണ്ടതുണ്ടെന്നും ഇതിൽ 26,175.05 കോടി രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും കോടതിയെ അറിയിച്ചു. ഏകദേശം 23,000 കോടിയിലേറെ രൂപയാണ് ഇനി പിരിഞ്ഞുകിട്ടാനുള്ളത്.

എഐ നിരീക്ഷണവും പൊതു ഡാഷ്ബോർഡും

റോഡ് സുരക്ഷാ നിരീക്ഷണത്തിനായി സ്ഥാപിക്കുന്ന സംവിധാനങ്ങൾ നിർമിതബുദ്ധി (എഐ) അധിഷ്ഠിതമായിരിക്കണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ റൂൾ 167എ(3) പ്രകാരമുള്ള 12 തരം നിയമലംഘനങ്ങൾ കണ്ടെത്താൻ ഇവയ്ക്ക് സാധിക്കണം. നാഷണൽ ഹൈവേ അതോറിറ്റിക്കും മറ്റ് റോഡ് നിർമാണ ഏജൻസികൾക്കും സംസ്ഥാനങ്ങൾക്കുമെല്ലാം ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.

വാഹൻ-4, സാരഥി, ഇ-ചെല്ലാൻ, ഇ-ഡാർ, ഐ-റാഡ് എന്നിവയെ സംസ്ഥാന-കേന്ദ്ര ട്രാഫിക് കൺട്രോൾ റൂമുകളുമായി സംയോജിപ്പിച്ച് ദേശീയ റോഡ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പരിഗണിക്കണം.

ഇതുകൂടാതെ, ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളുടെ പ്രവർത്തന വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ പ്രത്യേക ഓൺലൈൻ ഡാഷ്ബോർഡ് സജ്ജമാക്കാനും മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു. നിരീക്ഷണ ഉപകരണങ്ങളുടെ പ്രവർത്തനം, കണ്ടെത്തിയ ലംഘനങ്ങൾ, നൽകിയ ചെല്ലാനുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ എല്ലാ മാസവും ഇതിൽ പുതുക്കണം.

TAGS :

Next Story