Quantcast

ഹണിമൂൺ കൊലപാതകം; മംഗല്യ ദോഷം മാറാനാണ് സോനം രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്ന് കുടുംബം

പിന്നീട് കാമുകൻ രാജ് കുശ്വാഹയെ കല്യാണം കഴിക്കാനായി രാജയെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    12 Jun 2025 12:16 PM IST

Honeymoon Murder
X

ഇൻഡോര്‍: മേഘാലയയിൽ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി സോനം രഘുവംശി തന്‍റെ ജാതകത്തിലെ മംഗല്യ ദോഷം മാറാനാണ് രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്ന് യുവാവിന്‍റെ കുടുംബം പറയുന്നു. പിന്നീട് കാമുകൻ രാജ് കുശ്വാഹയെ കല്യാണം കഴിക്കാനായി രാജയെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു.

കൊലപാതകത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ, ബുധനാഴ്ച രാജ രഘുവംശിയുടെ മൂത്ത സഹോദരൻ സച്ചിൻ ആണ് ഈ ആരോപണമുന്നയിച്ചത്. ''സോനത്തിന്‍റെ ജാതകത്തിൽ ദോഷമുണ്ടായിരുന്നു. രാജയെ വിവാഹം കഴിക്കാൻ അവരുടെ കുടുംബം ആഗ്രഹിച്ചിരുന്നു. കാരണം അദ്ദേഹത്തിന്‍റെ ജാതകത്തിലും ദോഷമുണ്ടായിരുന്നു. സോനം രാജുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിഞ്ഞിട്ടും അവർ രാജയുടെ കുടുംബത്തെ സമീപിച്ച് വിവാഹാഭ്യർഥന നടത്തിയെന്ന്'' സച്ചിൻ ചൂണ്ടിക്കാട്ടി. സോനത്തിന്‍റെ കുടുംബത്തിന് രാജ് കുശ്വാഹയുമായുള്ള അടുപ്പം അംഗീകരിക്കാനാവുന്നതല്ലായിരുന്നു. കാരണം അവരുടെ കമ്പനിയിലെ ജീവനക്കാരനായിരുന്നു കുശ്വാഹ. രാജയെ കൊല്ലുമെന്ന് സോനത്തിന്‍റെ അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് സച്ചിൻ ആരോപിച്ചു. സോനത്തിന്‍റെ അമ്മയെയും ചോദ്യം ചെയ്യണമെന്നും ഇവരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് 11നായിരുന്നു സോനത്തിന്‍റെയും രാജയുടെയും വിവാഹം. ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. താമസിയാതെ, മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മനാടായ ഇൻഡോറിലേക്ക് സംസ്കാരത്തിനായി കൊണ്ടുവന്നു. മേയ് 23 നാണ് ദമ്പതികളെ കാണാതാകുന്നത്. രാജയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തിനെ കണ്ടെത്താനായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം യുവതി ഉത്തര്‍പ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സോനം തങ്ങളെ ഒരു സംഘം ആക്രമിച്ചു കൊള്ളയടിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

TAGS :

Next Story