Quantcast

മണിപ്പൂരില്‍ ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടി 'പെൺസിങ്കം'; പ്രചാരണത്തിന് നേരിട്ടത്തി അമിത് ഷാ

മയക്കുമരുന്ന് മാഫിയയുടെ പേടി സ്വപ്‌നമായിരുന്ന പൊലീസ് ഓഫീസർ വൃന്ദ തൗണോജം ഇത്തവണ ജെഡിയു സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്

MediaOne Logo

Web Desk

  • Published:

    26 Feb 2022 10:43 AM GMT

മണിപ്പൂരില്‍  ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടി പെൺസിങ്കം; പ്രചാരണത്തിന് നേരിട്ടത്തി അമിത് ഷാ
X

മണിപ്പൂരിലെ മയക്കുമരുന്ന് മാഫിയയെ കീഴടക്കിയ വനിതാ പൊലീസ് ഓഫീസർ വൃന്ദ തൗണോജം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നത് ഏറെ ശ്രദ്ധനേടിയിരുന്നു. അഴിമതിക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ ശക്തമായ നടപടിയെടുത്ത വൃന്ദ തൗണോജത്തിന് ഏറെ ജനപ്രീതിയുമുണ്ട്. ഇവർ മത്സരിക്കുന്നത് ബി.ജെ.പിക്ക് ചെറുതല്ലാത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടെത്തി വൃന്ദ തൗണോജത്തിനെതിരെ പ്രചാരണം നടത്തിയത്. ഇംഫാലിലെ ഈസ്റ്റിലെ യായ്സ്‌കുൽ അസംബ്ലി മണ്ഡലത്തിലെത്തിയ അമിത്ഷാ ബൃന്ദക്കെതിരെ കഴിഞ്ഞ ദിവസം വീടുവീടാന്തരം പ്രചാരണം നടത്തി.

ബൃദ്ധയുടെ ഭർത്താവിന്റെ പിതാവ് മണിപ്പൂരിനെതിരായ സായുധ കലാപത്തിന് നേതൃത്വം നൽകിയാളായിരുന്നു. എന്നിട്ടും മണിപ്പൂർ പൊലീസിൽ മയക്കുമരുന്ന് നിർമ്മാർജ്ജന ദൗത്യത്തിലെ മുഖ്യ പങ്ക് ബൃന്ദ വഹിച്ചിരുന്നു. മരുന്ന് മാഫിയ തലവനെ സഹായിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങുമായുള്ള അഭിപ്രായവ്യത്യാസമുണ്ടാകുകയും തുടർന്ന് പൊലീസ് സേനയിൽ നിന്ന് രാജിവെക്കുകയായിരുന്നു. ബി.ജെ.പിയുടെ നിലവിലെ എം.എൽ.എയും മണിപ്പൂരിലെ നിലവിലെ നിയമമന്ത്രിയുമായ തോക്ചോം സത്യബ്രത സിംഗിനെതിരെ ജനതാദൾ (യു) സ്ഥാനാർത്ഥിയായാണ് ബൃന്ദ ഇത്തവണ മത്സരിക്കുന്നത്.

43 കാരിയായ ബൃന്ദ തൗണോജമിന് യുവാക്കൾക്കിടയിൽ ഏറെ ആരാധകരുണ്ട്. 2018-ൽ പൊലീസ് ഉദ്യോഗസ്ഥയായിരുന്നപ്പോൾ 27 കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇതിന് ശേഷമാണ് ഇവരുടെ പേരും പ്രശസ്തിയും ഉയർന്നത്. തുടർന്ന് മണിപ്പൂർ പൊലീസിന്റെ ആന്റി നാർക്കോട്ടിക് യൂണിറ്റിന്റെ പ്രവർത്തനത്തിന് ബൃന്ദ നേതൃത്വം നൽകി. അതേ വർഷം ബിരേൻ സിംഗ് സർക്കാർ അവർക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു. അതേ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതിയെ വെറുതെ വിടാൻ മുഖ്യമന്ത്ര സഹായിച്ചെന്ന് അവർ ആരോപിച്ചാണ് മുഖ്യമന്ത്രിയുമായി ഉടക്കിയത്.തുടർന്ന് 2020ൽ തൗണോജം അവാർഡ് തിരികെ നൽകുകയും ചെയ്തു. ഇതോടെ ബൃന്ദ തൗണോജമിന് ആരാധകർ കൂടി. ഇവരുടെ ജനപ്രീതിയുടെ വ്യാപ്തി ബി.ജെ.പി ശരിക്കും മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്രമന്ത്രി തന്നെ നേരിട്ട് ഇവർക്കെതിരെയുള്ള പ്രചാരണത്തിനായി എത്തിയിരിക്കുന്നത്.

'ബി.ജെ.പിയുടെ സിറ്റിംഗ് മന്ത്രിക്ക് എനിക്കെതിരെ പ്രചാരണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ആവശ്യമായി വന്നത് ഒരു അഭിനന്ദനമായി ഞാൻ കാണുന്നു. എന്റെ പോരാട്ടം മയക്കുമരുന്നിനും അഴിമതിക്കും എതിരെയാണ്. ഒരു പൊലീസുകാരിയെന്ന നിലയിൽ എനിക്ക് ജനങ്ങൾക്ക് വേണ്ടി കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. നിയമസഭയിലെത്തിയാൽ എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും' അവർ പ്രതികരിച്ചു.

എന്നാൽ 2017ൽ അഫ്‌സക്കെതിരെ പ്രതിഷേധ സൂചകമായി 16 വർഷത്തെ നിരാഹാര സമരം ചെയ്ത 'മണിപ്പൂരിലെ ഉരുക്കു വനിത' ഇറോം ശർമിള ചാനുവിന് യുവാക്കളുടെ വൻ പിന്തുണയാണുണ്ടായിരുന്നത്. എന്നാൽ അവർ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോൾ ആ പിന്തുണ വോട്ടുകളായി മാറിയിരുന്നില്ല. തൗണോജമിന് ആ അവസ്ഥ ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് അവരുടെ അനുയായികൾ. മണിപ്പൂരിൽ ഫെബ്രുവരി 28 നും മാർച്ച് അഞ്ചിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10 ന് വോട്ടെണ്ണലും നടക്കും.

TAGS :

Next Story