'ന്യൂനപക്ഷങ്ങളെ ഞങ്ങൾ കൈവിടില്ല; ഡിഎംകെ മാത്രമല്ല, ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി വഖഫ് ബില്ലിനെ എതിർക്കുന്നു': കനിമൊഴി എംപി
വഖഫ് ഭേദഗതി ബിൽ രാജ്യത്തെ മതേതരത്വത്തെ വെല്ലുവിളിക്കുന്നതാണെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു.

ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ഡിഎംകെ. ബില്ലിനെ ഡിഎംകെ ശക്തമായി എതിർക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ പ്രമേയം പാസാക്കിയതായും കനിമൊഴി എംപി പ്രതികരിച്ചു. 'രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഞങ്ങൾ കൈവിടില്ല. ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി ഈ ബില്ലിനെ എതിർക്കുന്നു'- അവർ കൂട്ടിച്ചേർത്തു.
വഖഫ് ഭേദഗതി ബിൽ രാജ്യത്തെ മതേതരത്വത്തെ വെല്ലുവിളിക്കുന്നതാണെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ പറഞ്ഞു. ബില്ലിനെ ഡിഎംകെ എതിർക്കുന്നു. ഞങ്ങളുടെ നേതാക്കൾ എതിർപ്പ് വ്യക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബില്ലിനെതിരെ വോട്ട് ചെയ്യാൻ തീരുമാനിച്ചു. ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ ബിജെപി അവരുടേതായ രീതിയിൽ ഓരോ ബില്ലുകൾ കൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തി തങ്ങളുടെ സുഹൃത്തുക്കൾക്ക് നൽകാനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് എഎപി എംപി സഞ്ജയ് സിങ് ആരോപിച്ചു. 'വഖഫ് സ്വത്തുക്കൾ കൈവശപ്പെടുത്തി സ്വന്തം സുഹൃത്തുക്കൾക്ക് നൽകാൻ ബിജെപി ശ്രമിക്കുന്നു. ഇതിൽ രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണം. ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവയുടെ സ്വത്തുക്കളുടെ കാര്യത്തിലും അവർ അങ്ങനെ തന്നെ ചെയ്യും'- സഞ്ജയ് സിങ് പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കേന്ദ്രം ബിൽ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബില്‍ അംഗങ്ങള്‍ക്ക് നേരത്തെ നല്‍കിയില്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. എതിര്‍പ്പുകള്‍ പറയാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വഖഫ് ഭേദഗതിയെ നിയമപരമായി നേരിടുമെന്ന് മുസ്‍ലിം ലീഗ് വ്യക്തമാക്കി. വഖഫ് ഭൂമി പിടിച്ചടക്കാനുള്ള ഗൂഢനീക്കമാണിതെന്നും കെട്ടിച്ചമയ്ക്കപ്പെട്ട നിയമമാണ് ബിജെപി പാർലമെന്റിൽ കൊണ്ടുവന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണമെന്നും വഖഫ് ബിൽ മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയം അല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനെതിരെ വിവിധ മുസ്‍ലിം സംഘടനകളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് നടക്കുന്നത് തെറ്റായ പ്രചരണമെന്നായിരുന്നു കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വാദം. പ്രതിപക്ഷവും തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.
Adjust Story Font
16

