എച്ച് വൺ ബി വിസ നിരക്ക് വർധിപ്പിച്ചത് സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ; മോദിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്
കുടിയേറ്റം തടയുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് വർധിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്

ന്യൂഡല്‍ഹി: എച്ച് വൺ ബി വിസാ നിരക്ക് കൂട്ടിയ യുഎസ് നടപടി സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളുടെയും വ്യാപാര-വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകൾ അനിവാര്യം എന്നാണ് ഇന്ത്യയുടെ നിലപാട്.
ട്രംപിന്റെ നടപടിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോരായ്മയാണെന്ന വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് തിരിച്ചടിയായാണ് എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.
കുടിയേറ്റം തടയുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് വർധിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ടെക്കികൾക്ക് തിരിച്ചടിയാകുന്നതാണ് അമേരിക്കയുടെ പുതിയ തീരുമാനം. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷാ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിലസം രംഗത്ത് എത്തിയിരുന്നു. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഞാന്‍ വീണ്ടും പറയുന്നു, ഇന്ത്യക്കുള്ളത് ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയാണ്- രാഹുല്‍ എക്‌സില്‍ കുറിച്ചു. വിസാ ഫീസ് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.
എന്നാൽ എച്ച് വൺ ബി വിസാ ഫീസ് വർധന പുതിയ അപേക്ഷകർക്ക് മാത്രമാണ് ബാധകമെന്ന് യുഎസ് അഡ്മിനിസ്ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട്. നിലവിലെ വിസ ഉടമകൾക്ക് നിരക്ക് വർധന ബാധകമല്ലെന്നും വിവരങ്ങളുണ്ട്. ഇന്ന് ഇന്ത്യൻ സമയം രാവിലെ 9.30ക്ക് മുമ്പ് തിരിച്ചെത്താൻ എച്ച് വൺബി വിസയുള്ള ഇന്ത്യക്ക് പുറത്തുള്ള ജീവനക്കാരോട് പല കമ്പനികളും നിർദേശിച്ചിരുന്നു. ഇതിന്റെ ആവശ്യം ഇല്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് വിവരം.
Adjust Story Font
16

