ഇന്ത്യൻ വംശജരായ സ്കൂൾ സുഹൃത്തുക്കൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരായ കഥ
ഫ്രീലാൻസ് കോഡർമാരെ തേടുന്ന യുഎസ് കമ്പനികളുമായി ഇന്ത്യൻ എഞ്ചിനീയർമാരെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023-ൽ ആരംഭിച്ച പ്ലേറ്റ്ഫോമാണ് മെർകോർ

ന്യൂഡൽഹി: മെർകോറിന്റെ AI റിക്രൂട്ടിംഗ് സ്റ്റാർട്ടപ്പായ മെർകോർ 350 മില്യൺ ഡോളർ സമാഹരിച്ചതോടെ 22 വയസുള്ള മൂന്ന് സുഹൃത്തുക്കൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരായി മാറി. 2008-ൽ 23-ാം വയസിൽ ഫോർബ്‌സിന്റെ പട്ടികയിൽ ഇടംപിടിച്ച മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ മറികടന്നാണ് മൂവരും ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരായി മാറിയത്. ആദർശ് ഹിരേമത്തും സൂര്യ മിധയുമാണ് രണ്ട് ഇന്ത്യൻ വംശജരായ സുഹൃത്തുക്കൾ. ഇവരുടെ കൂടെ അമേരിക്കൻ വംശജനായ ബ്രണ്ടൻ ഫുഡി കൂടി ചേർന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.
മൂവരും ചേർന്ന് മെർകോറിനെ 10 ബില്യൺ ഡോളറിന്റെ വരുമാനമുള്ള കമ്പനിയാക്കി മാറ്റി. ആദർശ് ഹിരേമത്തിനും സൂര്യ മിധക്കും കമ്പനിയുടെ ഏകദേശം 22% ഓഹരി പങ്കാളിത്തമുണ്ട്. ഇന്ത്യൻ-അമേരിക്കൻ വംശജരായ ഹിരേമത്തും മിധയും കാലിഫോർണിയയിലെ സാൻ ജോസിലാണ് വളർന്നത്. ഇരുവരും സാൻ ജോസിലെ ബെല്ലാർമൈൻ കോളജ് പ്രിപ്പറേറ്ററിയിലുള്ള ഒരു ഹൈസ്കൂളിൽ പഠിച്ചു. ബെല്ലാർമൈനിൽ പോളിസി ഡിബേറ്റ് ടീമിൽ ചേർന്ന് ഒരേ വർഷം മൂന്ന് പ്രധാന ദേശീയ പോളിസി ഡിബേറ്റ് ടൂർണമെന്റുകളിലും വിജയിച്ച ചരിത്രത്തിലെ ആദ്യത്തെ ജോഡിയായി.
ആദർശ് ഹിരേമത്ത് പിന്നീട് ഹാർവാർഡ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ചേരുകയും മാക്രോ ഇക്കണോമിക്സിൽ ഗവേഷണ സഹായിയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. തന്റെ രണ്ടാം വർഷത്തിൽ മെർകോറിന്റെ സഹസ്ഥാപകനായി. ഫ്രീലാൻസ് കോഡർമാരെ തേടുന്ന യുഎസ് കമ്പനികളുമായി ഇന്ത്യൻ എഞ്ചിനീയർമാരെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023-ൽ ആരംഭിച്ച പ്ലേറ്റ്ഫോമാണ് മെർകോർ.
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലാണ് ആദർശ് ഹിരേമത്ത് ജനിച്ചത്. സൂര്യ മിധയുടെ മാതാപിതാക്കൾ ന്യൂഡൽഹിയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ്. സൂര്യ മിധ ജോർജ്ജ്ടൗൺ സർവകലാശാലയിൽ നിന്ന് വിദേശ പഠനത്തിൽ ബിരുദവും നേടിയിട്ടുണ്ട്. മൂന്നാമനായ ബ്രണ്ടൻ ഫുഡി അതേസമയത്ത് ജോർജ്ജ്ടൗണിൽ സാമ്പത്തിക ശാസ്ത്രം പഠിച്ചിരുന്നു.
മൂവരുടെയും മാതാപിതാക്കൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായിരുന്നു. ബ്രണ്ടൻ ഫുഡിയുടെ അമ്മ മെറ്റയുടെ റിയൽ എസ്റ്റേറ്റ് ടീമിൽ ജോലി ചെയ്തിരുന്നു. ഫോർബ്‌സ് പ്രകാരം സ്റ്റാർട്ടപ്പ് ഉപദേശക രംഗത്തേക്ക് തിരിയുന്നതിന് മുമ്പ് 90 കളിൽ ബ്രാണ്ടന്റെ പിതാവ് ഒരു ഗ്രാഫിക്സ് ഇന്റർഫേസ് കമ്പനി സ്ഥാപിച്ചു.
Adjust Story Font
16

