Quantcast

നോയിഡയിൽ 'ഇന്റർനാഷണൽ ക്രൈം ബ്യൂറോ'; വ്യാജ ഓഫിസ് നടത്തിയവർ പൊലീസ് പിടിയിൽ

വെസ്റ്റ് ബംഗാൾ സ്വദേശികളായ ഇവർ സർക്കാർ ഉദ്യോഗസ്ഥരായി വേഷം കെട്ടി, വ്യാജ ലോഗോകളും യൂണിഫോമുകളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 Aug 2025 12:29 PM IST

നോയിഡയിൽ ഇന്റർനാഷണൽ ക്രൈം ബ്യൂറോ; വ്യാജ ഓഫിസ് നടത്തിയവർ പൊലീസ് പിടിയിൽ
X

ന്യൂഡൽഹി: നോയിഡയിലെ സെക്ടർ 70-ൽ 'ഇന്റർനാഷണൽ പോലീസ് ആൻഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ' എന്ന പേര് നൽകി വ്യാജ ഓഫീസ് നടത്തിയിരുന്ന ആറ് പേരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ നിന്നുള്ള ബിഭാഷ് ചന്ദ്ര, അരഗ്യ അധികാരി, ബാബുൽ ചന്ദ്ര മണ്ഡൽ, പിന്റു പാൽ, സമപദ്മാൽ, ആശിഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സർക്കാർ ഉദ്യോഗസ്ഥരായി വേഷം കെട്ടി, വ്യാജ ലോഗോകളും യൂണിഫോമുകളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

പത്ത് ദിവസം മുമ്പാണ് ഇവർ സെക്ടർ 70-ൽ ഒരു വാടക വീട്ടിൽ ഓഫീസ് സ്ഥാപിച്ചത്. വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാമെന്നും മറ്റ് പൊലീസ് സേവനങ്ങൾ നൽകാമെന്നും വാഗ്ദാനം ചെയ്ത് ഇവർ പണം ആവശ്യപ്പെട്ടിരുന്നു. വ്യാജ മുദ്രകൾ, തിരിച്ചറിയൽ കാർഡുകൾ, വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ, ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് കമീഷൻ, സ്വിറ്റ്സർലൻഡിലെ സ്പെഷ്യൽ മോണിറ്ററിംഗ് മിഷൻ എന്നിവയുടെ രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

'www.intlpcrib.in' എന്ന വെബ്സൈറ്റ് ഉപയോഗിച്ച് ഇവർ സംഭാവനകൾ സ്വീകരിക്കുകയും ഇന്റർപോൾ, യൂറേഷ്യ പോൾ എന്നിവയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. യുപി പൊലീസിന്റെ ലോഗോയോട് സാമ്യമുള്ള ലോഗോയും ഇവർ ഉപയോഗിച്ചു. യുകെയിൽ ഓഫീസ് ഉണ്ടെന്നും ഇവർ വാദിച്ചിരുന്നു.

നോയിഡ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഈ സംഘത്തെ പിടികൂടിയത്. ഭൂമി കൈയേറ്റം നീക്കം ചെയ്യാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ പലരെയും കബളിപ്പിച്ചത്. രണ്ട് മാസമായി ഈ സംഘം പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ഹവാല ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. ബിഎൻഎസ്., ഐടി ആക്ട്, എംബ്ലംസ് ആൻഡ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്ട് എന്നിവ പ്രകാരം ഫേസ്-3 പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേന്ദ്ര ഏജൻസികളും നോയിഡ പൊലീസും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.



TAGS :

Next Story