Quantcast

ഇൻഡിഗോ പ്രതിസന്ധി; യാത്രമുടങ്ങിയവർക്ക് നഷ്ടപരിഹാരവുമായി വിമാനക്കമ്പനി

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന സിവിൽ ഏവിയേഷന്റെ മാർഗനിർദേശത്തിന് പുറമെയാണ് വൗച്ചറും പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-12-11 13:04:43.0

Published:

11 Dec 2025 2:56 PM IST

550 IndiGo Flights Cancelled and Company Apologises in the issue
X

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ യാത്ര മുടങ്ങിയവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് വിമാനക്കമ്പനി. ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ യാത്ര മുടങ്ങിയവർക്ക് 10,000 രൂപയുടെ വൗച്ചർ നൽകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധിയിൽ നിന്നും മുഖം രക്ഷിക്കാനും യാത്രക്കാരെ കൂടെ നിർത്താനുമാണ് ഇൻഡിഗോ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഒരു വർഷത്തേക്ക് ആയിരിക്കും വൗച്ചറിന്റെ കാലാവധി.

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന സിവിൽ ഏവിയേഷന്റെ മാർഗനിർദേശം നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 5000 മുതൽ 10,000 രൂപ വരെ യാത്രക്കാർ ലഭിക്കും. ഇതിന് പുറമെയാണ് 10,000 രൂപയുടെ വൗച്ചർ നൽകാനുള്ള തീരുമാനവുമായി കമ്പനി രംഗത്തെത്തിയത്.

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് ഡിജിെ ക്ക് മുന്നിൽ ഹാജരാകുന്നതിന് തൊട്ട് മുമ്പാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. സർവീസുകൾ പൂർവസ്ഥിതിയിൽ ആയിട്ടുണ്ടെന്നും അറിയിച്ചു. കേന്ദ്രസർക്കാർ നയങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇൻഡിഗോ ചെയർമാൻ വിക്രം സിങ് മേത്തയും പറഞ്ഞു.

ദിനംപ്രതി സേവനങ്ങൾ മെച്ചപ്പെടുത്തുന്നുണ്ട് എന്നും 1,900 ലധികം വിമാനങ്ങൾ മുടക്കം ഇല്ലാതെ സർവീസ് നടത്തിയെന്നും കമ്പനി അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ എട്ടംഗ മേൽനോട്ട സമിതിയിലെ രണ്ടുപേർ സ്ഥിരമായി ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫിസിലുണ്ടാകും.

അതേസമയം, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രതിസന്ധി രൂക്ഷമാകുന്നത് വരെ കേന്ദ്രം ഇടപെടാൻ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഒരു പ്രതിസന്ധി ഉണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാവുകയെന്നും 35,000 മുതൽ 39,000 രൂപവരെയൊക്കെ ടിക്കറ്റ് നിരക്ക് എങ്ങനെ ഉയരുമെന്നും കോടതി ചോദിച്ചു.

വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് എത്രയുംവേഗം നഷ്ടപരിഹാരം നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.

TAGS :

Next Story