'1000 സിഗരറ്റ് വലിക്കുന്നതിന് തുല്യം'; 15 ദിവസത്തെ ഡൽഹി സന്ദര്‍ശനത്തിനിടെ കടുത്ത ആരോഗ്യ പ്രശ്നങ്ങളെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ
എക്സിൽ പങ്കുവച്ച പോസ്റ്റിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും സുപ്രിം കോടതിയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു

Photo| PTI
ഡൽഹി: കടുത്ത വായു മലിനീകരണത്തിൽ ശ്വാസം മുട്ടുകയാണ് രാജ്യ തലസ്ഥാനം. 300 മുകളിലാണ് വായു ഗുണനിലവാര സൂചിക. അന്തരീക്ഷ മലിനീകരണം കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. 15 ദിവസത്തെ ഡൽഹി യാത്രയിൽ തനിക്ക് മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി ജമ്മു കശ്മീർ മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ശേഷ് പോൾ വൈദ് പറഞ്ഞു.
എക്സിൽ പങ്കുവച്ച പോസ്റ്റിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും സുപ്രിം കോടതിയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. "15 ദിവസം ഡൽഹിയിൽ ചെലവഴിച്ചതിന് ശേഷം ഞാനും എന്റെ കുടുംബവും ഇന്ന് ജമ്മുവിലേക്ക് മടങ്ങി, ഇപ്പോൾ ഞങ്ങളുടെ അവസ്ഥ വളരെ മോശമാണ്. കഠിനമായ തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാൽ ബുദ്ധിമുട്ടുകയാണ്. 1000 സിഗരറ്റ് വലിക്കുന്നതിന് തുല്യം'' എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. വളരെ കുറച്ചു ദിവസം ഡൽഹിയിൽ തങ്ങിയതിന് ശേഷം തങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ ഡൽഹിയിലെ കുട്ടികൾ, പ്രായമായവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവർ എന്നിവരുടെ കഷ്ടപ്പാട് ചിന്തിച്ചുനോക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൽഹിയെ ഗ്യാസ് ചേംബര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
"ഈ മാനുഷിക പ്രതിസന്ധി സുപ്രിം കോടതിയെയും കേന്ദ്ര സർക്കാരിനെയും ഡൽഹി സർക്കാരിനെയും അടിയന്തര നടപടിയിലേക്ക് തള്ളിവിടുന്നില്ലെങ്കിൽ, പിന്നെ എന്ത് ചെയ്യും? ഉത്തരവാദിത്തം എവിടെയാണ്? ഡൽഹി എത്ര കാലം ഒരു ഗ്യാസ് ചേമ്പറായി നിലനിൽക്കാൻ അനുവദിക്കും?" മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചോദിച്ചു.
ദീപാവലി മുതൽ ദേശീയ തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം മോശമായി തുടരുകയാണ്. രൂക്ഷമായ വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ട്.ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തും. ഏറെ തിരക്കുള്ള സമയങ്ങളില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനും അതുവഴി വായു മലിനീകരണം കുറയ്ക്കാനുമാണ് ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകളിലെയും സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്.
My family and I returned to Jammu today after spending 15 days in New Delhi and we are all in bad shape. Severe throat pain, running noses, and a constant burning sensation as if we’ve inhaled a thousand cigarettes. If this is what short-term visitors experience, imagine the…
— Shesh Paul Vaid (@spvaid) November 9, 2025
Adjust Story Font
16

