മദ്രസ വിദ്യാര്‍ഥികള്‍ ഭഗവത് ഗീത വായിക്കണമെന്ന് ഐപിഎസ് ഓഫീസര്‍
റിപ്പബ്ലിക് ദിന പ്രസംഗത്തിലാണ് എഡിജിപി രാജാ ബാബു സിങ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്

- Published:
27 Jan 2026 6:08 PM IST

ഭോപ്പാല്‍: മദ്രസ വിദ്യാര്‍ഥികളോട് ഭഗവത് ഗീത വായിക്കാന്‍ ആഹ്വാനം ചെയ്ത് മധ്യപ്രദേശിലെ ഐപിഎസ് ഓഫീസര്‍. എഡിജിപി രാജാ ബാബു സിങ്ങാണ് റിപ്പബ്ലിക് ദിന പ്രസംഗത്തിനിടെ വിദ്യാര്‍ഥികളോട് ഖുര്‍ആനൊപ്പം ഭഗവത് ഗീതയും വായിക്കാന്‍ പറഞ്ഞത്. നേരത്തെ, പൊലീസ് ട്രെയിനിങ് സ്‌കൂളുകളില്‍ ഭഗവത് ഗീതയും രാമചരിതമാനസും വായിക്കാന്‍ ഉത്തരവിട്ട് വിവാദത്തിലായ പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
സിഹോര്‍ ജില്ലയിലെ ദോറ ഗ്രാമത്തിലെ ഒരു മദ്രസയില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു എഡിജിപി. ''മദ്രസയിലെ ഉസ്താദ് എന്റെ സുഹൃത്താണ്. അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. മദ്രസയിലെ വിദ്യാര്‍ഥികളെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍, പരിസ്ഥിതി സംരക്ഷണം, ശാസ്ത്രബോധം, സഹിഷ്ണുത എന്നിവയില്‍ ശ്രദ്ധ വളര്‍ത്തിയെടുക്കണം. വിശുദ്ധ ഖുര്‍ആനൊപ്പം ഭഗവത് ഗീതയും പഠിക്കണം. മാനവരാശിക്ക് നൂറ്റാണ്ടുകളായി വെളിച്ചം പകരുകയാണ് ഭഗവത് ഗീത'' -അദ്ദേഹം പറഞ്ഞു. ഇന്ത്യ വളരെ വലിയ രാജ്യമാണെന്നും അതിൻ്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പൊലീസ് ട്രെയിനിങ് ചുമതലയുള്ള എഡിജിപിയായ രാജാ ബാബു സിങ്. എല്ലാ പൊലീസ് ട്രെയിനിങ് കേന്ദ്രങ്ങളിലും ഭഗവത് ഗീതയും രാമചരിതമാനസും കേള്‍പ്പിക്കാന്‍ ഇക്കഴിഞ്ഞ നവംബറില്‍ നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു. ഇത് ധാര്‍മ്മിക ജീവിതം നയിക്കാന്‍ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കോണ്‍ഗ്രസും മുസ്‌ലിം സംഘടനകളും നിര്‍ദേശത്തെ വിമര്‍ശിച്ചിരുന്നു.
Adjust Story Font
16
