മുസ്‌ലിംകൾക്കെതിരായ നിയമപരമായ വിവേചനത്തിന് വഴിയൊരുക്കുന്ന വഖഫ് ബിൽ അപലപനീയം: ജമാഅത്തെ ഇസ്‌ലാമി
ജനാധിപത്യ വിരുദ്ധമായി ഈ ബിൽ പാസായാൽ, മറ്റ് മുസ്‌ലിം സംഘടനകളുമായി ചേർന്ന് അഖിലേന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സാദത്തുല്ല ഹുസൈനി പറഞ്ഞു.

ന്യൂഡൽഹി: മുസ്‌ലിംകൾക്കെതിരെ നിയമപരമായ വിവേചനത്തിന് വഴിയൊരുക്കുന്ന വഖഫ് ഭേദഗതി ബിൽ അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സാദത്തുല്ല ഹുസൈനി. 1995ലെ വഖഫ് ആക്ട് ആണ് പുതിയ ഭേദഗതിയിലൂടെ എടുത്തുകളയുന്നത്. എന്നാൽ ഇത്തരം നിയമങ്ങൾ മുസ് ലിംകൾക്ക് മാത്രമുള്ളതല്ല. സമാനമായ നിയമങ്ങൾ മറ്റു സമുദായങ്ങൾക്കുമുണ്ട്.
അതത് മതങ്ങളിൽപ്പെട്ടവർക്ക് മാത്രം അംഗത്വം നൽകുന്ന രീതിയിലാണ് വിവിവധ മത വിഭാഗങ്ങളുടെ എൻഡോവ്‌മെന്റ് നിയമങ്ങൾ ഉള്ളത്. ഉപയോഗത്തിലൂടെ വഖഫ് എന്നതുപോലെ ഉപയോഗത്തിലൂടെ ക്ഷേത്രം എന്നത് ഹിന്ദുമതത്തിലുമുണ്ട്. ഇവർക്ക് നിയമങ്ങളിൽ ഇളവ് നൽകുന്നുണ്ട്. എന്നാൽ മുസ്‌ലിംകളെ മാത്രം ഈ അവകാശങ്ങളിൽ നിന്ന് ഒഴിവാക്കുകയാണ്. ഇത് നഗ്നമായ നിയമനിർമാണ വിവേചനവും അപകടകരമായ ഒരു മാതൃകയുമാണ്.
1995ലെ വഖഫ് ആക്ടിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ ഭേദഗതി. വഖഫ് ബോർഡിന്റെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടൽ വർധിക്കുന്നത് അതിന്റെ മതപരമായ സ്വഭാവം ഇല്ലാതാക്കും. ഇത് ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതപരമായ സംവിധാനങ്ങൾ നടത്തുന്നതിന് അവകാശം നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 26ന്റെ ലംഘനമാണ്. വ്യാപകമായ എതിർപ്പ് അവഗണിച്ചാണ് ബിൽ അവതരിപ്പിക്കുന്നു. ബില്ലിലെ വ്യവസ്ഥകൾ ബാധിക്കുന്ന പ്രധാനപ്പെട്ട സമുദായത്തിന്റെ നിർദേശങ്ങൾ പൂർണമായും അവഗണിക്കപ്പെട്ടുവെന്നും സാദത്തുല്ല ഹുസൈനി പറഞ്ഞു.
തെറ്റായ വിവരങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളെ ജമാഅത്ത് അമീർ വിമർശിച്ചു. അഴിമതി, വഖഫ് ഭൂമികളുടെ കയ്യേറ്റം, വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം എന്നിവ തടയാൻ ബിൽ ഒന്നും ചെയ്യുന്നില്ല. ഇക്കാര്യങ്ങൾക്ക് സഹായിക്കുന്ന ഒരു വ്യവസ്ഥ പോലും ബില്ലിൽ ഇല്ല. പുതിയ ഭേദഗതി വഖഫ് ഭരണത്തെ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും ഹുസൈനി ചൂണ്ടിക്കാട്ടി.
ഈ അന്യായമായ ബില്ലിനെ ചെറുക്കാൻ ജമാഅത്തെ ഇസ്‌ലാമി എല്ലാ മതേതര പാർട്ടികളോടും, പ്രതിപക്ഷ നേതാക്കളോടും, എൻഡിഎ സഖ്യകക്ഷികളോടും ആഹ്വാനം ചെയ്തു. മതേതരമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ചില പാർട്ടികൾ ഇതിനെ പിന്തുണ്ക്കാൻ തീരുമാനിച്ചത് നിരാശാജനകമാണ്. അവർ ബിജെപിയുടെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങുകയും വർഗീയ രാഷ്ട്രീയത്തിൽ പങ്കാളികളാവുകയും ചെയ്യരുത്. ഈ ബില്ലിനെ എതിർക്കുന്നതിൽ അവർ പരാജയപ്പെട്ടാൽ, ചരിത്രം അവരുടെ വഞ്ചനയെ ഓർക്കും. വഖഫ് സ്വത്തുക്കൾ സർക്കാർ ആസ്തികളല്ല, മതപരമായ ദാനങ്ങളാണ്. വഖഫ് ഭരണത്തെ ദുർബലപ്പെടുത്താനും സംസ്ഥാന നിയന്ത്രണം വർധിപ്പിക്കാനുമുള്ള ഏതൊരു ശ്രമവും അസ്വീകാര്യമാണ്. ജനാധിപത്യ വിരുദ്ധമായി ഈ ബിൽ പാസായാൽ, മറ്റ് മുസ്‌ലിം സംഘടനകളുമായി ചേർന്ന് അഖിലേന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഭരണഘടനാപരവും നിയമപരവും ജനാധിപത്യപരവും സമാധാനപരവുമായ എല്ലാ മാർഗങ്ങളിലൂടെയും നിയമത്തിനെതിരെ പോരാടും. സമൂഹത്തിന്റെ അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കപ്പെടുന്നതുവരെ ഈ അനീതിക്കെതിരായ പോരാട്ടം തുടരുമെന്നും ജമാഅത്ത് അമീർ വ്യക്തമാക്കി.
Adjust Story Font
16

