ജാമിയ മില്ലിയ സർവകലാശാലയിൽ ആർഎസ്എസ് ശതാബ്ദി ആഘോഷത്തിന് അനുമതി; പ്രതിഷേധവുമായി എസ്എഫ്ഐ, ഐസ, ഫ്രറ്റേണിറ്റി മൂവ്മെന്റ്
ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആർഎസ്എസ് അനുബന്ധ സംഘടനയായ 'യുവ'യുടെ നേതൃത്വത്തിലാണ് ജാമിയയിൽ പരിപാടി സംഘടിപ്പിച്ചത്

ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കെതിരെ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്ഐ, ഐസ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ചൊവ്വാഴ്ച സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടന്ന 'യുവ കുംഭ്' എന്ന പരിപാടിക്കെതിരെയാണ് എസ്എഫ്ഐ, ഐസ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആർഎസ്എസ് അനുബന്ധ സംഘടനയായ 'യുവ'യുടെ നേതൃത്വത്തിലാണ് ജാമിയയിൽ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ, സർവകലാശാലയിൽ വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന സംഘടനയുടെ പരിപാടി അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥി സംഘടനകൾ. പരിപാടിക്ക് അനുമതി നൽകിയത് വിദ്യാർഥികളുടെ അന്തസിനും സുരക്ഷയ്ക്കും മേലുള്ള വെല്ലുവിളിയാണെന്ന് എസ്എഫ്ഐ യൂണിറ്റ് ആരോപിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ ഓഡിറ്റോറിയത്തിന് മുന്നിൽ ഒത്തുകൂടിയ വിദ്യാർഥികൾ മുദ്രാവാക്യങ്ങൾ വിളിക്കുകയും വേദിയിലേക്കുള്ള വഴി തടയുകയും ചെയ്തു. ഇതോടെ പരിപാടി തടസപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഡൽഹി പൊലീസിനെയും സിആർപിഎഫിനെയും കാമ്പസ് പരിസരത്ത് വൻതോതിൽ വിന്യസിച്ചു. തുടർന്ന് കാമ്പസ് ഒരു 'സൈനിക മേഖല'യായി മാറിയെന്ന് വിദ്യാർഥികൾ പറയുന്നു.
പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ സർവകലാശാലാ സെക്യൂരിറ്റി ഗാർഡുകളും പൊലീസും ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർഥികളെ ക്രൂരമായി മർദിച്ചുവെന്നും അമ്പതോളം പേർക്ക് പരിക്കേറ്റതായും എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐ ജാമിയ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അതിഖുർ റഹ്മാനെ ഗാർഡുകൾ ക്രൂരമായി മർദിച്ചെന്നും വനിതാ വിദ്യാർഥികളെ പുരുഷ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തെന്നും ആരോപണമുണ്ട്.
അതേസമയം, വിദ്യാർഥികളുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജാമിയ അധികൃതർ. മർദനമേറ്റെന്ന വാദം തെറ്റാണെന്നും അമ്പതിനടുത്ത് വിദ്യാർഥികൾ മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും അവർ പറഞ്ഞു. അക്കാദമിക് സ്വഭാവമുള്ള ഏത് പരിപാടിയും സർവകലാശാലയിൽ നടത്താൻ അനുമതിയുണ്ടെന്നും രണ്ട് ഫാക്കൽറ്റി അംഗങ്ങളുടെ ശിപാർശയുണ്ടെങ്കിൽ ഏത് പ്രത്യയശാസ്ത്രത്തിലുള്ളവർക്കും പരിപാടികൾ സംഘടിപ്പിക്കാമെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള പന്ത്രണ്ടോളം കോളജുകളിലും ജെഎൻയു, അംബേദ്കർ കോളജ്, സക്കീർ ഹുസൈൻ കോളജ് എന്നിവിടങ്ങളിലും സമാനമായ ആർഎസ്എസ് പരിപാടികൾ അടുത്തിടെ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജാമിയയിലും പരിപാടി സംഘടിപ്പിച്ചത്. മറ്റു വിദ്യാർഥി കൂട്ടായ്മകൾക്ക് ചർച്ചകൾ സംഘടിപ്പിക്കാൻ പോലും അനുമതി നൽകാത്ത സർവകലാശാല, ആർഎസ്എസിന് എയർ കണ്ടീഷൻ ചെയ്ത ഓഡിറ്റോറിയം വിട്ടുനൽകിയത് വിവേചനമാണെന്ന് ഐസ ഡൽഹി പ്രസിഡന്റ് സയ്യിദ് ആരോപിച്ചു.
സർവകലാശാലാ വൈസ് ചാൻസലർ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രതിഷേധം ഭയന്ന് ഓഡിറ്റോറിയത്തിന്റെ പിൻവാതിലിലൂടെയാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. കാമ്പസിനുള്ളിൽ വർഗീയ ശക്തികളെ കടക്കാൻ അനുവദിക്കില്ലെന്നും ജനാധിപത്യ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.
Adjust Story Font
16

