Quantcast

'ജാനുവും റാമും റിയല്‍ എസ്.ജാനകിക്ക് മുന്നില്‍'; വൈറലായി 96ലെ ഡിലീറ്റഡ് സീന്‍

സംവിധായകന്‍ സി.പ്രേം കുമാര്‍ തന്റെ കഥാപാത്രത്തിന് എസ്.ജാനകി ദേവി എന്ന് പേര് നല്‍കിയതും ജാനകിയമ്മയോടുള്ള ആരാധന കൊണ്ടായിരിക്കാം

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-07-12 07:16:55

Published:

12 July 2026 12:39 PM IST

ജാനുവും റാമും റിയല്‍ എസ്.ജാനകിക്ക് മുന്നില്‍; വൈറലായി 96ലെ ഡിലീറ്റഡ് സീന്‍
X

തെന്നിന്ത്യയുടെ വാനമ്പാടി എസ്.ജാനകിയുടെ വിയോഗം വിവിധ തലമുറകളുടെ ഓര്‍മകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. എസ്.ജാനകിയുടെ ഈണങ്ങള്‍ ഏറ്റുപാടുന്ന യുവതലമുറയിലും ഈ വിയോഗം വേദനയുണ്ടാക്കിയെന്ന് പറയാം. ജാനകിയമ്മയുടെ ശബ്ദത്തോട് പ്രിയം തോന്നിയ ഒരാള്‍ക്കും പിന്നീട് ആ ശബ്ദം മറക്കുവാന്‍ സാധിക്കില്ല.

അതുപോലെ തന്നെയാണ് വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളിലെത്തിയ '96' എന്ന തമിഴ് സിനിമയും. ജാനുവും റാമും, ഈ കഥാപാത്രങ്ങള്‍ ഇന്നും ഒരുപാട് സിനിമാപ്രേമികളുടെ മനസിനുള്ളില്‍ കുരുങ്ങികിടക്കുന്നുണ്ടാകും. എസ്.ജാനകിയുടെ മരണവാര്‍ത്തക്ക് പിന്നാലെ 96ല്‍ നിന്നും ഒഴിവാക്കിയ ഒരു രംഗമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.


'അര്‍ദ്ധരാത്രിയില്‍ നടക്കാനിറങ്ങുന്ന റാമും ജാനുവും എസ്.ജാനകിയുടെ വീടിന് മുമ്പിലെത്തുന്നു. ജാനകിയമ്മയുടെ വീടിന്റെ മുമ്പിലാണ് താന്‍ നില്‍ക്കുന്നതെന്ന് മനസിലാക്കിയ 'എസ്.ജാനകി ദേവി' റാമിനോട് ഒരു ഫോട്ടോയെടുത്ത് തരാന്‍ ആവശ്യപ്പെടുന്നു. ഇത് കണ്ടുവരുന്ന എസ്.ജാനകി ജാനുവിനെയും റാമിനെയും തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.

ഇരുവരോടും സംസാരിക്കുന്നു. ജാനുവിനെ കൊണ്ട് പാട്ട് പാടിപ്പിക്കുന്നു. ഇങ്ങനെയൊന്ന് പാടി നോക്കാൻ പറയുന്നു. ശേഷം ജാനുവിനെ കെട്ടിപ്പിടിക്കുന്നു. ഒരിക്കലും പാട്ട് പാടുന്നത് നിര്‍ത്തരുതെന്ന് ആവശ്യപ്പെടുന്നു. കല്യാണം കഴിച്ചാലും പാടണമെന്ന് ഉപദേശിക്കുന്നു. കണ്ണാ എന്ന് വിളിച്ച് വാത്സല്യത്തോടെ സംസാരിക്കുന്നു. ചിരിക്കുന്നു,' ഇതോടെ ആ രംഗം അവസാനിക്കുകയാണ്.

ഈ സീനില്‍ ജാനകിയമ്മ പാടുന്നത് കണ്ണുനിറഞ്ഞ് കേട്ടിരിക്കുന്ന ജാനുവിനെയും, ജാനകിയമ്മയെയും ജാനുവിനെയും മാറിമാറി നോല്‍ക്കുന്ന റാമിനെയും കാണാം. ഒരുപക്ഷേ എപ്പോഴെങ്കിലും അതുപോലൊരു നിമിഷം ജാനു ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് തോന്നിപ്പോകുന്ന ഒരു രംഗം.


ഒരുപക്ഷേ ഈ രംഗം കൂടി സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

ചിലപ്പോള്‍ സിനിമയുമായി ചേര്‍ന്ന് പോകാത്തതുകൊണ്ടായിരിക്കാം ഈ രംഗം ഒഴിവാക്കിയതെന്നും ജാനുവില്‍ ഉണ്ടായ കൗതുകമാണ് ജാനകിയമ്മയുടെ ഓരോ ഈണങ്ങളോടും അവരുടെ ആരാധകര്‍ക്കും തോന്നുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സംവിധായകന്‍ സി.പ്രേം കുമാര്‍ തന്റെ കഥാപാത്രത്തിന് എസ്.ജാനകി ദേവി എന്ന് പേര് നല്‍കിയതും ജാനകിയമ്മയോടുള്ള ആരാധന കൊണ്ടായിരിക്കാം.

TAGS :

Next Story