Quantcast

'മകനെ, നിന്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ ഞങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു': കോഹ്‌ലിയെ പ്രശംസിച്ച പോസ്റ്റിലെ വർഗീയ കമന്റുകൾക്ക് ജാവേദ് അക്തറിന്റെ മറുപടി

ജാവേദിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. വർഗീയ കമന്റുകൾക്ക്‌ ഇതുതന്നെയാണ് മറുപടി എന്ന തരത്തിലായിരുന്നു പ്രതികരണങ്ങൾ

MediaOne Logo

Web Desk

  • Updated:

    2025-02-25 13:36:54.0

Published:

25 Feb 2025 7:03 PM IST

മകനെ, നിന്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ ഞങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയായിരുന്നു: കോഹ്‌ലിയെ പ്രശംസിച്ച പോസ്റ്റിലെ വർഗീയ കമന്റുകൾക്ക് ജാവേദ് അക്തറിന്റെ മറുപടി
X

മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോൽപിച്ചത്. അതിന്റെ ആവേശത്തിലായിരുന്നു രാജ്യമെങ്ങും. സമൂഹമാധ്യമങ്ങളിലൊക്കെ ഇന്ത്യ ജയിച്ചതിന്റെ ആവേശം പ്രകടമായി. സാധാരണക്കാരൻ മുതൽ താരങ്ങൾ വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു.

പ്രശസ്ത ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സമൂഹമാധ്യമ കുറിപ്പിനെ കളിയാക്കാനായിരുന്നു ചിലർക്ക് താല്‍പര്യം. താരം അത്തരം കമന്റുകള്‍ക്ക് ചുട്ട മറുപടി തന്നെ കൊടുക്കുകയും ചെയ്തു.

'' വിരാട് കോഹ്‌ലി സിന്ദാബാദ്, ഞങ്ങൾ നിങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കുന്നു''- എന്നാണ് എക്‌സിൽ ജാവേദ് അക്തർ കുറിച്ചത്. അതിന് താഴെയാകട്ടെ അദ്ദേഹത്തെ കളിയാക്കാനും വര്‍ഗീയമായി അക്രമിക്കാനുമായിരുന്നു ചിലർക്ക് താത്പര്യം.

'' ജാവേദ്, ബാബറിന്റെ അച്ഛനാണ് കോഹ്‌ലി, പറയൂ ജയ്ശ്രീറാം''- എന്നായിരുന്നു ഒരു കമന്റ്. 'നിങ്ങളെന്തൊരു നികൃഷ്ട വ്യക്തിയാണ്, അത് മാത്രമെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. രാജ്യ സ്നേഹത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാമെന്നായിരുന്നു'- ഇതിന് താരം നല്‍കിയ മറുപടി. ഇന്ത്യ ജയച്ചതിന് നിങ്ങളുടെ ഉള്ളില്‍ സങ്കടമാണെന്ന തരത്തിലുള്ള ഒരു കമന്റിനും ജാവേദ് അക്തര്‍ പ്രതികരിച്ചു.

' മകനെ, നിൻ്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു ഞങ്ങള്‍ പോരാടിയിരുന്നത്. എന്റെ സിരകളിൽ രാജ്യസ്നേഹികളുടെ രക്തമാണ്, നിങ്ങളുടെ സിരകളിലുള്ളത് ബ്രിട്ടീഷ് സേവകരുടെതും. ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്, അത് മറക്കരുത് എന്നായിരുന്നു'- മറുപടി. അതേസമയം നിരവധി പേരാണ് ജാവേദിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. ഈ കമന്റിനും വന്‍ പിന്തുണ ലഭിച്ചു.

'ചില നീചന്മാർ ഒരിക്കലും മെച്ചപ്പെടില്ലെന്നും നിങ്ങള്‍ പറഞ്ഞത് തന്നെയാണ് അതിനൊക്കെ കൊടുക്കാനുള്ള മികച്ച മറുപടിയെന്നും ഒരാള്‍ ജാവേദിന് പിന്തുണച്ച് എഴുതി.




TAGS :

Next Story