'മുന്നണി സ്ഥാനാര്‍ഥികള്‍ക്കിട്ട് പാര പണിയുന്നു'; ബിഹാറിൽ പതിനൊന്ന് നേതാക്കളെ പുറത്താക്കി ജെഡിയു
മുന്‍ മന്ത്രിമാരും എംഎല്‍എമാരുമൊക്കെ പുറത്താക്കിയവരില്‍ ഉള്‍പ്പെടും

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും Photo- ANI
പറ്റ്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കവെ ജെഡിയുവിന് തലവേദനയായി പാളയത്തില്‍ പട. മുന്‍ മന്ത്രിയടക്കം പതിനൊന്ന് പേരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
ഇവര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ചൂവെന്നുമാണ് ആരോപിക്കുന്നത്. പുറത്താക്കപ്പെട്ട അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും വരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
'' ബിഹാറില്‍ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 11 നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു''-ശനിയാഴ്ച വൈകുന്നേരം ജെഡിയു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പുറത്താക്കപ്പെട്ടവരിൽ മുൻ മന്ത്രി ശൈലേഷ് കുമാർ, മുൻ എംഎൽഎമാരായ ശ്യാം ബഹദൂർ സിങ്, സുദർശൻ കുമാർ, മുൻ എംഎൽസിമാരായ സഞ്ജയ് പ്രസാദ്, രൺവിജയ് സിങ് എന്നിവരും ഉൾപ്പെടുന്നു. പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്കും മറ്റ് എൻഡിഎ സ്ഥാനാര്‍ഥികള്‍ക്കുമെതിരെ പ്രവർത്തിച്ചതിനാണ് നടപടിയെന്നാണ് മുതിര്‍ന്ന ജെഡിയു നേതാവ് പറയുന്നത്.
സീറ്റ് വിഭജനം പൂർത്തിയാക്കിയതിന് ശേഷം കൊണ്ടുംകൊടുത്തും മുന്നേറുകയാണ് മുന്നണികൾ. അധികാരം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഭരണമുന്നണി നീങ്ങുമ്പോൾ ഭരണവിരുദ്ധ വികാരം മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. 243 അംഗ ബിഹാർ നിയമസഭയിലേക്ക് നവംബർ 6, 11 തിയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.
Adjust Story Font
16

