Quantcast

ഔറംഗസേബ് മികച്ച ഭരണാധികാരിയാണെന്ന് ജെഡിയു നേതാവ്; വിരട്ടി ബിജെപി

ഔറംഗസേബിനെ മികച്ച ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുന്ന ചരിത്രകാരന്മാരെ പിന്തുണക്കും എന്നായിരുന്നു ജെഡിയു നേതാവും എംഎല്‍സിയുമായ ഖാലിദ് അൻവറിന്റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2025-03-08 06:43:37.0

Published:

8 March 2025 12:09 PM IST

ഔറംഗസേബ് മികച്ച ഭരണാധികാരിയാണെന്ന് ജെഡിയു നേതാവ്; വിരട്ടി ബിജെപി
X

പറ്റ്‌ന: സമാജ്‌വാദി പാർട്ടി എംഎല്‍എ അബു അസ്മിക്ക് പിന്നാലെ മുഗൾചക്രവർത്തി ഔറംഗസേബിനെ പ്രശംസിച്ച് ജെഡിയു എംഎൽസി. എൻഡിഎ സഖ്യകക്ഷിയായ ജെഡിയുവിന്റെ ബിഹാർ എംഎൽസി, ഖാലിദ് അൻവറാണ് ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയായിരുന്നില്ല എന്ന അഭിപ്രായപ്രകടനം നടത്തിയത്.

ഔറംഗസേബിനെ മികച്ച ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുന്ന ചരിത്രകാരന്മാരെ പിന്തുണക്കും എന്നായിരുന്നു ഖാലിദ് അൻവറിന്റെ പ്രതികരണം. പ്രസ്താവനയിൽ പ്രകോപിതരായ ബിജെപി, അദ്ദേഹം ആ വാക്കുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ജെഡിയു നേതൃത്വം ഇടപെടുകയും ജാഗ്രത പാലിക്കണമെന്ന നിർദേശം എംഎല്‍സിക്ക് നൽകുകയും ചെയ്തു.

''ഔറംഗസേബ് എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് ചരിത്രത്തില്‍ മതിയായ തെളിവുകളുണ്ടെന്നും വിവാദപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും''- ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാൻ വ്യക്തമാക്കി. അതേസമയം ചരിത്രത്തിലേക്കൊക്കെ പോകേണ്ട ആവശ്യമില്ലെന്നും വിവാദപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധ വേണമെന്നും ജെഡിയു മുഖ്യ വക്താവ് നീരജ് കുമാർ പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഖാലിദ് അൻവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

'' പ്രമുഖ ചരിത്ര വ്യക്തികളെക്കുറിച്ച് സംസാരിക്കുന്നത് പൂർണ്ണമായും അക്കാദമികപരമായ കാര്യങ്ങളാണ്. നിയമസഭയിലോ കൗൺസിലിലോ ഔറംഗസേബും സംഭാജിയും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഔറംഗസേബിനെക്കുറിച്ച് ചരിത്രകാരന്മാരിൽ അഭിപ്രായവ്യത്യാസമുണ്ട്, ചിലർ അദ്ദേഹത്തെ മോശം ഭരണാധികാരിയെന്നും മറ്റുള്ളവർ അദ്ദേഹത്തെ നല്ല ഭരണാധികാരിയെന്നും വിളിക്കുന്നു. വ്യക്തിപരമായി അദ്ദേഹത്തെ ഒരു നല്ല ഭരണാധികാരിയെന്ന് വിളിച്ച ചരിത്രകാരന്മാരുടെ പക്ഷത്താണ് ഞാൻ''- ഇങ്ങനെയായിരുന്നു ഖാലിദ് അൻവറിന്റെ വാക്കുകള്‍.

അതേസമയം ഔറംഗസേബിനെ പ്രശംസിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര നിമയസഭയില്‍ നിന്നും അബു അസ്മിയെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ ജയിലിലടക്കും എന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയത്. ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

TAGS :

Next Story