ജാർഖണ്ഡ് നിയമസഭയിലെ നമസ്‌കാരമുറിയിൽ പ്രതിഷേധം; ഹനുമാൻ ക്ഷേത്രവും വേണമെന്ന് ബിജെപി
പാർലമെന്റും നിയമസഭകളുമെല്ലാം ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണ് പരിഗണിക്കപ്പെടുന്നത്. നിയമസഭാ സ്പീക്കർ നമസ്‌കാരത്തിന് സ്ഥലം അനുവദിക്കുകയാണെങ്കിൽ ഹനുമാൻ ക്ഷേത്രം നിർമിക്കാനുമുള്ള സ്ഥലവും വേണം-ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു

ജാർഖണ്ഡ് നിയമസഭയ്ക്കകത്ത് നമസ്‌കാരമുറി ആരംഭിച്ചതിൽ പ്രതിഷേധവുമായി ബിജെപി. സഭാ കെട്ടിടത്തിൽ ഹനുമാൻ ക്ഷേത്രത്തിനും സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ സ്പീക്കർ രബീന്ദ്രനാഥ് മാത്തോയെ സമീപിച്ചു.
കഴിഞ്ഞ ദിവസമാണ് ജാർഖണ്ഡ് നിയമസഭാ കെട്ടിടത്തിനകത്ത് നമസ്‌കാരത്തിനായി പ്രത്യേക മുറി അനുവദിച്ചത്. ഇതോടെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം) സർക്കാർ പ്രീണനരാഷ്ട്രീയം കളിക്കുകയാണെന്നും നടപടി മതധ്രുവീകരണത്തിനിടയാക്കുമെന്നും ബിജെപി ആരോപിച്ചു. സർക്കാരിന്റെ മതധ്രുവീകരണ ശ്രമങ്ങളെ ബിജെപി കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് വ്യക്തമാക്കി.
ഒരു മതത്തിനും എതിരല്ല ഞങ്ങൾ. ഭരണഘടനപ്രകാരം രാജ്യത്ത് എല്ലാവർക്കും സ്വന്തം ഇഷ്ടപ്രകാരമുള്ള വിശ്വാസം പുലർത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇതോടൊപ്പം തന്നെ പാർലമെന്റും നിയമസഭകളുമെല്ലാം ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണ് പരിഗണിക്കപ്പെടുന്നത്. അവ ഏതെങ്കിലും പ്രത്യേക മതങ്ങൾക്കുള്ളതല്ല. അതുകൊണ്ട്, നിയമസഭാ സ്പീക്കർ നമസ്‌കാരത്തിന് സ്ഥലം അനുവദിക്കുകയാണെങ്കിൽ ഹനുമാൻ ക്ഷേത്രം നിർമിക്കാനുമുള്ള സ്ഥലവും വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു-റാഞ്ചിയിൽനിന്നുള്ള ബിജെപി എംഎൽഎയായ സിപി സിങ് പ്രതികരിച്ചു.
നിയമസഭയിലെ ആകെ 82 അംഗങ്ങളിൽ നാലുപേരാണ് മറ്റു മതങ്ങളിൽനിന്നുള്ളവർ. ബാക്കിയുള്ള നിയമസഭാ സാമാജികരെല്ലാം ഹിന്ദുക്കളാണ്. ഇതിനുപുറമെ ഹിന്ദുവിശ്വാസികളായ നിരവധി സഭാജീവനക്കാരുമുണ്ട്. അതിനാൽ, ഞങ്ങൾക്കുകൂടി പ്രാർത്ഥിക്കാനായി ഹനുമാൻ ക്ഷേത്രം വേണമെന്ന് ആവശ്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ബിജെപി വിമർശനങ്ങൾ ഹേമന്ത് സോറൻ തള്ളിക്കളഞ്ഞിട്ടുണ്ട്. സ്പീക്കറും എംഎല്‍എമാരുടെ ആവശ്യം പരിഗണിച്ചിട്ടില്ല. 2014 മുതൽ 2019 വരെ ബിജെപി ഭരണകാലത്ത് സഭാകെട്ടിടത്തിനകത്ത് നമസ്‌കാരത്തിന് സ്ഥലം അനുവദിച്ചതു ചൂണ്ടിക്കാട്ടി ജെഎംഎം നേതാക്കള്‍ ബിജെപി വിമർശനങ്ങള്‍ പൊള്ളയാണെന്നും കുറ്റപ്പെടുത്തി.
Adjust Story Font
16

