ബംഗ്ലാദേശി എന്നാരോപിച്ച് ജാർഖണ്ഡ് പൗരന് ക്രൂര മർദനം; മംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ
മംഗളൂരു താലൂക്കിലെ കുളൂർ ഗ്രാമത്തിൽ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗർ (24) എന്നിവരാണ് അറസ്റ്റിലായത്

- Published:
13 Jan 2026 7:47 PM IST

ലാലു, ധനുഷ്, സാഗർ
മംഗളൂരു: ജാർഖണ്ഡിൽ നിന്നുള്ള തൊഴിലാളിയെ മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ മൂന്ന് പേരെ മംഗളൂരു കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു താലൂക്കിലെ കുളൂർ ഗ്രാമത്തിൽ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു (32), ധനുഷ് (24), സാഗർ (24) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ട് 6.05 ഓടെയാണ് 15 വർഷത്തോളമായി കർണാടകയിൽ കുടിയേറ്റ തൊഴിലാളിയായ ദിൽജൻ അൻസാരിയെ നാല് പേർ ചേർന്ന് തടഞ്ഞുനിർത്തി ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ആരാഞ്ഞത്. പേര് പറഞ്ഞതോടെ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. തലപൊട്ടി ചോര ഒഴുകുന്ന അവസ്ഥയിലും അക്രമം തുടരുന്നതിനിടെ പരിസരവാസിയായ സ്ത്രീ യുവാവിനെ രക്ഷിക്കുകയായിരുന്നു.
ഭയം കാരണം യുവാവ് പരാതി നൽകിയിരുന്നില്ല. പ്രാദേശിക പൊതുപ്രവർത്തകർ നൽകിയ പരാതിയിൽ തിങ്കളാഴ്ച കാവൂർ പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 03/2026 പ്രകാരം ഭാരതീയ ന്യായ സംഹിത, 2023 ലെ സെക്ഷൻ 126(2), 352, 351(3), 353, 109, 118(1), 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16
