'ഇന്ത്യൻ ജനാധിപത്യത്തിനേറ്റ തീരാകളങ്കം'; പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിൽ പങ്കെടുത്തതിനെതിരെ ജോൺ ബ്രിട്ടാസ്
മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സൽക്കാരത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുത്തതിൽ വിമർശനവുമായി ജോൺ ബ്രിട്ടാസ്എംപി. ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണിത്. ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണ്. ഇതിലും പ്രാധാന്യം കുറഞ്ഞ വിഷയങ്ങളുടെ പേരിൽ ചായ സൽക്കാരത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നിട്ടുണ്ട്.
കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിൽ അമിത് ഷാ അംബേദ്കറെ അപമാനിച്ചതിനാണ് ചായ സൽക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. കഴിഞ്ഞ നാല് സമ്മളനത്തിൽ പ്രതിപക്ഷം ചായ സൽക്കാരത്തിൽ പങ്കെടുത്തിട്ടില്ല. അതിന് ശേഷം ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഇന്ത്യയിലെ പട്ടിണി പാവങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വിരുന്നിൽ പങ്കെടുക്കാൻ അസാമാന്യ ഉളുപ്പ് വേണം. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന സാമൂഹ്യശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും ഇതിനെ എതിർക്കുന്നുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രാഥമിക ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഇന്ത്യയുടെ ആർഷ ഭാരത സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന എന്തെങ്കിലും ചിഹ്നം കറൻസിയിൽ വെക്കാനാണ് ആലോചിക്കുന്നത്. അതിന് ശേഷവും പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുമോ എന്നും ബ്രിട്ടാസ് ചോദിച്ചു.
പ്രിയങ്കാ ഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഒരു പദവിയിലുമില്ല. പിന്നെ എന്തിനാണ് യോഗത്തിന് പോയത് എന്നത് മാധ്യമങ്ങൾ ചോദിക്കണം. ഡിഎംകെ, എസ്പി, ടിഎംസി പോലുള്ള ഒരു പാർട്ടിക്കാരും പങ്കെടുത്തിട്ടില്ല. 75 വർഷത്തെ രാജ്യത്തിന്റെ ചരിത്രത്തിൽ തൊഴിലുറപ്പ് ബിൽ പോലുള്ള ജനാധിപത്യവിരുദ്ധ ബിൽ പാസാക്കിയിട്ടില്ല. 15 ദിവസത്തേക്ക് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പോലും പരിഗണിച്ചില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
Adjust Story Font
16

