ബംഗാള്‍ എസ്ഐആര്‍: വോട്ടർപട്ടികയിൽ നിന്ന് പുറത്തായ മുൻ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയും കുടുംബവും പട്ടികയില്‍ തിരിച്ചെത്തി
പേര് ഒഴിവാക്കിയതിനെതിരെ ഷാഹിദുല്ല മുൻഷി പരസ്യമായി രംഗത്ത് എത്തിയിരുന്നു.

- Updated:
2026-03-28 08:54:38.0

കൊൽക്കത്ത: മുൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ഷാഹിദുല്ല മുൻഷിയുടെയും കുടുംബാംഗങ്ങളുടെയും പേര് പശ്ചിമ ബംഗാൾ വോട്ടർ പട്ടികയിൽ പുനഃസ്ഥാപിച്ചു. പേര് ഒഴിവാക്കിയതിനെതിരെ ഷാഹിദുല്ല മുൻഷി പരസ്യമായി രംഗത്ത് എത്തിയിരുന്നു.
എസ്ഐആര്‍ പ്രകാരം മാർച്ച് 27ന് പുറത്തിറക്കിയ അനുബന്ധ പട്ടികയിലാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയത്. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടും തന്റെയും കുടുംബത്തിന്റെയും പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുൻ ജഡ്ജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വാർത്താപ്രാധാന്യം നേടിയതോടെയാണ് മണിക്കൂറുകൾക്കുള്ളിൽ അധികൃതർ തിരുത്തൽ നടപടി സ്വീകരിച്ചത്.
രണ്ടുതവണ വെരിഫിക്കേഷൻ പ്രക്രിയയിൽ പങ്കെടുത്തിട്ടും ജസ്റ്റിസ് മുൻഷിയുടെ പേര് 'ലിസ്റ്റിലില്ല' എന്നും ഭാര്യയുടെയും മകന്റെയും പേരുകൾ പരിഗണനയിൽ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. മതിയായ കാരണങ്ങളില്ലാതെയാണ് പേര് നീക്കം ചെയ്തതെന്നും ഇതിനെതിരെ അപ്പീൽ നൽകാൻ പോലും തടസ്സങ്ങൾ നേരിട്ടതായും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് പുതിയ സപ്ലിമെന്ററി ലിസ്റ്റിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തി അധികൃതർ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കെതിരെ സംസ്ഥാന സർക്കാർ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. വൻതോതിൽ വോട്ടർമാരെ ഒഴിവാക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിൽ ഒരു മുൻ ഉന്നത നീതിപീഠം അംഗത്തിന് തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുടനീളം നിരവധി പേരാണ് തങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ തിരികെ ലഭിക്കാൻ ഓഫീസുകൾ കയറിയിറങ്ങുന്നത്.
നിലവിൽ പശ്ചിമ ബംഗാൾ വഖഫ് ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കുകയാണ് ഷാഹിദുല്ല മുൻഷി. 2013 മുതൽ 2020 സെപ്റ്റംബർ വരെയാണ് അദ്ദേഹം കൊൽക്കത്ത ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നത്.
Adjust Story Font
16
