Quantcast

'പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനം, തെരഞ്ഞെടുപ്പിന്‍റെ വിഷയം'; ഹരജിക്കാരെ പിന്തുണച്ച് ജസ്റ്റിസ് ദുലിയ

'ഹിജാബ് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പിന്‍റെ വിഷയം, അതില്‍ കൂടുതലോ കുറവോ ആയി ഒന്നുമില്ല'-ജസ്റ്റിസ് സുധാംശു ദുലിയ

MediaOne Logo

ijas

  • Updated:

    2022-10-13 06:15:32.0

Published:

13 Oct 2022 6:03 AM GMT

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനം, തെരഞ്ഞെടുപ്പിന്‍റെ വിഷയം; ഹരജിക്കാരെ പിന്തുണച്ച് ജസ്റ്റിസ് ദുലിയ
X

കര്‍ണാടകയിലെ ഹിജാബ് വിലക്കില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹിജാബ് വിലക്കിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ദുലിയ കര്‍ണാടക ഹൈക്കോടതി വിധിയെ പൂര്‍ണമായും എതിര്‍ത്തു.

നിര്‍ബന്ധമായ മതപരമായ ആചാര, ആശയങ്ങള്‍ തര്‍ക്ക വിധേയമാക്കേണ്ടന്നാണ് തന്‍റെ വിധിയുടെ പ്രധാന ഊന്നലെന്ന് ജസ്റ്റിസ് ദുലിയ വ്യക്തമാക്കി. കര്‍ണാടക ഹൈക്കോടതി തെറ്റായ രീതിയിലാണ് ഇതിനെ എടുത്തത്. ഇത് ഏറ്റവും അവസാനമായി ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പിന്‍റെ വിഷയമാണ്. ആര്‍ട്ടിക്കിള്‍ 14ഉം 19ഉം ഇതിന് ബാധകമാണെന്നും ജസ്റ്റിസ് ദുലിയ വ്യക്തമാക്കി.

ഹിജാബ് എന്നത് തെരഞ്ഞെടുപ്പിന്‍റെ വിഷയമാണെന്നും അതില്‍ കൂടുതലോ കുറവോ ആയി ഒന്നുമില്ലെന്നും ജസ്റ്റിസ് ദുലിയ വിധി പരാമര്‍ശത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പരമമായ ചോദ്യം. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാണോ നിലവിലെ ഹൈക്കോടതി വിധിയെന്നതാണ് തന്‍റെ മനസ്സിലെ ചോദ്യമെന്നും ദുലിയ വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാരിന്‍റെ ഫെബ്രുവരി അഞ്ചിലെ ഉത്തരവ് റദ്ദാക്കുകയും നിയന്ത്രണങ്ങൾ നീക്കാൻ ഉത്തരവിടുകയും ചെയ്യുന്നതായും ദുലിയ ഉത്തരവിട്ടു.

ഹിജാബ് വിലക്കില്‍ ഭിന്നവിധി ഉയര്‍ന്ന സാഹചര്യത്തില്‍ ഹരജി വിശാല ബെഞ്ചിനു വിട്ടു. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാർഥിനികളെ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി 1ന് വിദ്യാർഥികൾ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു. ജനുവരി 3ന് ചിക്കമംഗ്ലൂരു സർക്കാർ കോളജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിൻസിപ്പളിന്‍റെ നേതൃത്വത്തിൽ പ്രധാന കവാടത്തിൽ തടഞ്ഞു. ഇതോടെ കർണാടകയിൽ പ്രതിഷേധം ശക്തമായി.

ഇതിനിടെ സംഘപരിവാർ വിദ്യാർഥി സംഘടനാ നേതാക്കൾ കാവി ഷാള്‍ ധരിച്ച് കോളജുകളിലെത്തി ഹിജാബിനെതിരെ പ്രതിഷേധം തുടങ്ങി. ഈ പ്രതിഷേധവും വളരെ പെട്ടെന്ന് മറ്റു കോളജുകളിലേക്ക് പടർന്നു. ജനുവരി 14ന് ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കർണാടക സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് ഈ സമിതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു. ഫെബ്രുവരി 5ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് കർണാകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെയാണ് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് വിശാല ബെഞ്ചിന് കൈമാറി. അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരാൻ ഹൈക്കോടതി വിശാല ബെഞ്ച് നിര്‍ദേശിച്ചു. കേസിൽ 11 ദിവസം നീണ്ട വാദത്തിനൊടുവില്‍ മാർച്ച് 15ന് ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കുകയായിരുന്നു. തുടര്‍ന്നാണ് ഹരജി സുപ്രീം കോടതിയിലെത്തുന്നത്.

TAGS :

Next Story