വീട്ടില്‍ നിന്ന് പണം കണ്ടെടുത്ത സംഭവം: ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്

- Updated:
2026-04-10 08:39:28.0

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ രാജിവെച്ചു.
പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ ഊർജിതമാകുന്നതിനിടെയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. 140ലധികം ലോക്‌സഭാ അംഗങ്ങൾ ഒപ്പിട്ട ഇംപീച്ച്‌മെന്റ് പ്രമേയം ഇദ്ദേഹത്തിനെതിരെ പരിഗണനയിലായിരുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങൾ വസതിയിലെ സ്റ്റോർ റൂമിൽ നിന്ന് വലിയ തോതിൽ കറൻസി നോട്ടുകൾ കണ്ടെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
സംഭവം വിവാദമായതോടെ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വർമ്മയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ജസ്റ്റിസ് വർമയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. 140ലധികം എംപിമാരുടെ പിന്തുണയോടെ നീക്കം ശക്തമായതോടെയാണ് അദ്ദേഹം രാജിവെക്കുന്നത്.
പണം കണ്ടെടുത്ത സമയത്ത് താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും, ആരോപിക്കപ്പെടുന്ന പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ നിലപാട്. തന്നെ പുറത്താക്കാനുള്ള നീക്കങ്ങൾക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.
Adjust Story Font
16
