ദളപതിയെ കണ്ട് ഉലകനായകൻ; സിനിമാ പ്രതിസന്ധിയിൽ മുഖ്യമന്ത്രി വിജയിയുടെ ഇടപെടൽ തേടി കമൽഹാസൻ
നേരത്തെ 717 മദ്യശാലകൾ അടച്ചുപൂട്ടാനുള്ള മുഖ്യമന്ത്രി വിജയിയുടെ തീരുമാനത്തെ കമൽഹാസൻ അഭിനന്ദിച്ചിരുന്നു

- Published:
16 May 2026 5:14 PM IST

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ സന്ദര്‍ശിച്ച് കമൽഹാസൻ. വിജയിന് ആശംസകൾ അറിയിച്ച താരം അദ്ദേഹത്തിന് ഒരു പുസ്തകവും സമ്മാനിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും കമൽ എക്സിൽ പങ്കുവച്ചു.
"ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രിയും സഹോദരനുമായ വിജയിയെ ഇന്ന് നേരിൽ കണ്ട് ആശംസകൾ അറിയിച്ചു. തമിഴ്‌നാടിന്‍റെ വികസനത്തിനായുള്ള തന്‍റെ വലിയ സ്വപ്നങ്ങളെക്കുറിച്ച് അദ്ദേഹം വളരെ ആവേശത്തോടെ സംസാരിച്ചു. കൂടിക്കാഴ്ചയിലുടനീളം അദ്ദേഹം കാണിച്ച എളിമയും സ്നേഹവും എന്നെ ഏറെ അതിശയിപ്പിച്ചു.
നിലവിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തമിഴ് ചലച്ചിത്ര വ്യവസായത്തിന് തമിഴ്‌നാട് സർക്കാരിന്‍റെ പൂർണ പിന്തുണയും കരുതലും ആവശ്യമാണെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു. സിനിമ മേഖലയുടെ പുരോഗതിക്കായുള്ള 6 പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനവും അദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. നന്മകൾ പുലരട്ടെ." കമൽ എക്സിൽ കുറിച്ചു.
மாண்புமிகு தமிழ்நாடு முதலமைச்சர், தம்பி விஜய் @TVKVijayHQ அவர்களை இன்று நேரில் சந்தித்து வாழ்த்துகளைத் தெரிவித்தேன்.
— Kamal Haasan (@ikamalhaasan) May 16, 2026
தமிழ்நாட்டை மேம்படுத்தும் பல கனவுகளை உற்சாகத்துடன் பகிர்ந்துகொண்டார். சந்திப்பின்போது அவர் காட்டிய பண்பும் அன்பும் நெகிழ்ச்சியளித்தது.
பல்வேறு இடையூறுகளைச்… pic.twitter.com/timwTZeEdY
നേരത്തെ 717 മദ്യശാലകൾ അടച്ചുപൂട്ടാനുള്ള മുഖ്യമന്ത്രി വിജയിയുടെ തീരുമാനത്തെ കമൽഹാസൻ അഭിനന്ദിച്ചിരുന്നു. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ''തമിഴ്‌നാട്ടിലെ പുതിയ സർക്കാരിന് എന്‍റെ അഭിനന്ദനങ്ങൾ . 717 മദ്യശാലകൾ അടച്ചുപൂട്ടിയത് സ്വാഗതാർഹമായ ഒരു നീക്കമാണ്. ഇത് വളരെക്കാലമായി ചർച്ച ചെയ്യപ്പെട്ടുവരികയാണ്, ഇപ്പോൾ അത് നടപ്പിലാക്കിയിട്ടുണ്ട്. ഇത് അഭിനന്ദനീയമാണ്," കമൽ പറഞ്ഞു.
വിജയ് ഇപ്പോൾ വെറുമൊരു സിനിമാതാരം മാത്രമല്ലെന്നും അദ്ദേഹത്തിന് മറ്റ് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും കമൽ കൂട്ടിച്ചേർത്തു. വിജയിയുടെ വിജയം തെളിയിക്കുന്നത് ഏത് മേഖലയിൽ നിന്നുമുള്ള ആർക്കും രാഷ്ട്രീയത്തിൽ ചേരാമെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “വിജയിയെ ഒരു സിനിമാതാരമായി മാത്രം കാണരുത്. അദ്ദേഹത്തിന് മറ്റ് ഉത്തരവാദിത്തങ്ങളുമുണ്ട്. ഏത് മേഖലയിൽ നിന്നും ആർക്കും രാഷ്ട്രീയത്തിലേക്ക് വരാം. വിജയ് നമ്മുടെ വ്യവസായത്തിൽ നിന്ന് അധികാരത്തിലെത്തിയത് അഭിമാനകരമാണ്,” അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കമൽ വിജയിന് ആശംസകൾ നേര്‍ന്നിരുന്നു. "തമിഴ്നാട് വിക്ടറി ലീഗിന്‍റെ പ്രസിഡന്‍റ്, ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി, എന്‍റെ സഹോദരൻ തിരു എന്നിവരുടെ നേതൃത്വത്തിൽ തമിഴ്‌നാട് സംസ്ഥാനം തിളങ്ങട്ടെ. വിജയ്. അത് പുതിയ ഉയരങ്ങളിലെത്തട്ടെ. എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു," എന്നാണ് അദ്ദേഹം കുറിച്ചത്.
Adjust Story Font
16
