Quantcast

ഭരണകൂടം ജനാധിപത്യത്തെ തകർക്കുന്നു, ഇന്ത്യയിൽ ജീവിക്കാൻ ലജ്ജ തോന്നുന്നു: കപിൽ സിബൽ

രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ

MediaOne Logo

Web Desk

  • Published:

    2 Jun 2026 6:21 PM IST

ഭരണകൂടം ജനാധിപത്യത്തെ തകർക്കുന്നു, ഇന്ത്യയിൽ ജീവിക്കാൻ ലജ്ജ തോന്നുന്നു: കപിൽ സിബൽ
X

ന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ. മഹാരഥന്മാർ പടുത്തുയർത്തിയ ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന ഭരണകൂട നടപടികളിൽ പ്രതിഷേധിച്ച്, 'ഇന്ത്യയിൽ ജീവിക്കാൻ തനിക്ക് ലജ്ജ തോന്നുന്നു' എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപിമാർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെയും ഭരണപക്ഷത്തിന്റെയും അടിച്ചമർത്തൽ നയങ്ങൾക്കെതിരെ സിബലിന്റെ അതിരൂക്ഷമായ വിമർശനം.

കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ വെച്ച് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് നേരെ നടന്ന ആസൂത്രിത ആക്രമണങ്ങളാണ് കപിൽ സിബലിന്റെ പ്രസ്താവനയ്ക്ക് ആധാരം. മെയ് 31ന് സോനാർപൂർ സന്ദർശനത്തിനിടെ ടിഎംസി ജനറൽ സെക്രട്ടറി കൂടിയായ അഭിഷേക് ബാനർജിക്ക് നേരെ കല്ലേറും മുട്ടയേറും അസഭ്യവർഷവും ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെ, ഹൂഗ്ലി ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കല്യാൺ ബാനർജി എംപിയും ക്രൂരമായി കയ്യേറ്റം ചെയ്യപ്പെട്ടു. താൻ ഭരണകൂട ഭീകരതയുടെ ഇരയാണെന്നും, അധികാരത്തിലിരിക്കുന്നവർ പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ നടത്തുന്ന രാഷ്ട്രീയ അക്രമങ്ങളുടെ ഭാഗമാണിതെന്നും അഭിഷേക് ബാനർജി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നിരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിബൽ രംഗത്തെത്തിയത്.

പ്രതിപക്ഷ നേതാക്കൾ തെരുവുകളിൽ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ അങ്ങേയറ്റം ലജ്ജാകരമാണെന്ന് കപിൽ സിബൽ വ്യക്തമാക്കി. 'ഇതൊക്കെ സംഭവിക്കുന്ന ഒരു രാജ്യത്താണ് ഞാൻ ജീവിക്കുന്നത് എന്നതിൽ എനിക്ക് അതിയായ ലജ്ജയുണ്ട്. നമ്മുടെ റിപ്പബ്ലിക് രൂപീകൃതമായ സമയത്ത് മഹാരഥന്മാരായ നേതാക്കൾ പടുത്തുയർത്തിയ ജനാധിപത്യത്തിന്റെ അടിത്തറ തകർക്കാൻ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടി ഏതറ്റം വരെയും പോകും എന്നതിന്റെ വ്യക്തമായ തെളിവാണിത്,' അദ്ദേഹം തുറന്നടിച്ചു. കേവലം ഒരു സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നമെന്നതിലുപരി, കേന്ദ്ര ഭരണകൂടം പ്രതിപക്ഷത്തെ അടിച്ചമർത്താൻ തങ്ങളുടെ അധികാരം എങ്ങനെ ദുർവിനിയോഗം ചെയ്യുന്നു എന്നതിന്റെ വിശാലമായ ചിത്രമാണ് അദ്ദേഹം ഇതിലൂടെ വരച്ചുകാട്ടുന്നത്.

അതേസമയം, കപിൽ സിബലിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപിയോടുള്ള വിയോജിപ്പിന്റെ പേരിൽ സിബൽ രാജ്യത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും അപമാനിക്കുകയാണെന്ന് ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. സുപ്രിം കോടതിയിൽ പ്രാക്ടീസ് ചെയ്ത് കോടിക്കണക്കിന് രൂപ സമ്പാദിക്കുന്ന വ്യക്തി ഇന്ത്യയിൽ ജീവിക്കാൻ ലജ്ജിക്കുന്നു എന്ന് പറയുന്നത് വിരോധാഭാസമാണെന്നും, 2021ലെ തെരഞ്ഞെടുപ്പാനന്തര അക്രമങ്ങളിലും സന്ദേശ്ഖാലി, ആർജി കർ വിഷയങ്ങളിലും സിബൽ മൗനം പാലിച്ചതെന്തുകൊണ്ടാണെന്നും ബിജെപി ചോദിച്ചു.

TAGS :

Next Story