Quantcast

കലഹം, കലാപം, ഒടുവിൽ പുറത്തേക്ക്; കപിൽ സിബൽ 'കൈ'വിട്ട വഴി

കപിൽ സിബൽ കൂടി പാർട്ടി വിടുന്നതിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളെക്കൂടിയാണ് കോൺഗ്രസിന് നഷ്ടമാവുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-05-25 11:32:35.0

Published:

25 May 2022 9:52 AM GMT

കലഹം, കലാപം, ഒടുവിൽ പുറത്തേക്ക്; കപിൽ സിബൽ കൈവിട്ട വഴി
X

ന്യൂഡൽഹി: കോൺഗ്രസിൽ സംഘടനാരംഗത്ത് സമൂലമായ പരിഷ്‌കാരം ആവശ്യപ്പെട്ട് ഏറെനാൾ പാർട്ടിക്കകത്ത് വിയോജിപ്പുയർത്തിയ കപിൽ സിബലും ഒടുവിൽ പാർട്ടിവിട്ടു. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിന് ശേഷം കോൺഗ്രസ് പുതിയ മാറ്റങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് സിബലിന്റെ രാജി. ചിന്തൻ ശിബിരത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. കപിൽ സിബൽ കൂടി പാർട്ടി വിടുന്നതിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളെക്കൂടിയാണ് കോൺഗ്രസിന് നഷ്ടമാവുന്നത്.

മെയ് 16ന് തന്നെ കോൺഗ്രസിൽനിന്ന് രാജിവെച്ചിട്ടുണ്ട് എന്നാണ് ഇന്ന് കപിൽ സിബൽ പറഞ്ഞത്. അതേസമയം എസ്.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കുമെങ്കിലും എസ്.പിയിൽ ചേരുന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷവും സംഘ്പരിവാറിനെതിരായ നിലപാടിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലെന്നാണ് സിബൽ വ്യക്തമാക്കിയത്. ''കേന്ദ്ര ഗവൺമെന്റിനെ നമ്മൾ തുറന്നുകാണിക്കും. നമ്മളെല്ലാം ഒരുമിച്ച് എല്ലാം പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരും''-സിബൽ പറഞ്ഞു.

ഗാന്ധി കുടുംബം പാർട്ടി നേതൃരംഗത്തുനിന്ന് മാറുക, പാർട്ടിയിൽ പാർലമെന്ററി ബോർഡ് രൂപീകരിക്കുക, സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളുന്നയിച്ച ജി23 നേതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം കൊടുത്തയാളായിരുന്നു കപിൽ സിബൽ. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ പരസ്യവിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

പാർട്ടിയെ ചിലർ കുടുംബകാര്യമാക്കി മാറ്റിയെന്നായിരുന്നു സിബലിന്റെ വിമർശനം. 2014 മുതൽ പാർട്ടി താഴേക്ക് പോവുകയാണ്. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങൾ നഷ്ടപ്പെട്ടു. നേരത്തെ പാർട്ടി വിജയിച്ചിടത്തു പോലും ഇപ്പോൾ അണികളെ ഒരുമിച്ച് നിർത്താൻ കഴിഞ്ഞില്ല. അതിനിടെ ചില പ്രധാന വ്യക്തികൾ പാർട്ടി വിടുന്ന സാഹചര്യമുണ്ടായി. നേതൃത്വത്തിന്റെ വിശ്വസ്തരാണ് ഇത്തരത്തിൽ പാർട്ടിവിട്ടത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പും ഇത്തരം കൊഴിഞ്ഞുപോക്കുണ്ടായി. കണക്കുകൾ പരിശോധിച്ചാൽ 2014 മുതൽ 117 എംപിമാരും എംഎൽഎമാരും, 222 സ്ഥാനാർഥികളും കോൺഗ്രസ് വിട്ടുവെന്നത് ശ്രദ്ധേയമാണ്. മറ്റൊരു പാർട്ടിയിലും ഇത്തരത്തിലൊരു പലായനം കണ്ടിട്ടില്ലെന്നും ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സിബൽ പറഞ്ഞു.

കപിൽ സിബലിന് ജനകീയ പിന്തുണയില്ലെന്നും ചില സ്വാർഥതാൽപര്യങ്ങളാണ് ഗാന്ധി കുടുംബത്തിനെതിരായ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് പിന്നിലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഉയർന്ന പ്രതികരണം. എന്നാൽ മോദി-അമിത് ഷാ സഖ്യത്തിനെതിരെയും സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെയും എന്നും ശക്തമായ നിലപാടെടുത്ത കപിൽ സിബൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് പൂർവാധികം കരുത്തോടെ തിരിച്ചുവരണമെന്ന് ആഗ്രഹിച്ച നേതാവായിരുന്നു. അദ്ദേഹം നടത്തിയ പല നീക്കങ്ങളും ഇത് തെളിയിക്കുന്നതായിരുന്നു.

2021 ആഗസ്റ്റിൽ പ്രതിപക്ഷനേതാക്കളുടെ ഒരു യോഗം കപിൽ സിബൽ തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ വിളിച്ചുചേർത്തിരുന്നു. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമാണ് യോഗത്തിൽ ചർച്ചയായത്. എൻസിപി നേതാവ് ശരത് പവാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, എസ്.പി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല, ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്, തൃണമൂൽ നേതാവ് ഡെറിക് ഒബ്രയാൻ തുടങ്ങിയ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.

ജി23 നേതാക്കളായ ഗുലാം നബി ആസാദ്, മനീഷ് തിവാരി, ആനന്ദ് ശർമ, ശശി തരൂർ, മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വത്തിൽനിന്ന് മാറണം, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് പ്രതിപക്ഷനേതാക്കൾ യോഗത്തിൽ പങ്കുവെച്ചത്. മാറ്റങ്ങൾക്ക് തയ്യാറാവുകയാണെങ്കിൽ കോൺഗ്രസിന് 100-150 സീറ്റുവരെ നേടാനാവുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. പക്ഷെ ഈ ചർച്ചകൾ തുടർന്നുകൊണ്ടുപോവാൻ സിബലിനോ കോൺഗ്രസ് നേതൃത്വത്തിനോ കഴിഞ്ഞില്ല.

ജി23 കൂട്ടായ്മയിൽ ഗാന്ധി കുടുംബത്തിനെതിരെ നേരിട്ട് വിമർശനമുന്നയിച്ചത് കപിൽ സിബലായിരുന്നു. അതുകൊണ്ട് തന്നെ വിമതസഖ്യത്തിലെ മറ്റുനേതാക്കളുമായി ചർച്ച നടത്തിയപ്പോൾ കപിൽ സിബലിനെ പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. ചിന്തൻ ശിബിരത്തിലെ തീരുമാനപ്രകാരം കഴിഞ്ഞദിവസം രാഷ്ട്രീയകാര്യസമിതിയും ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ടാസ്‌ക് ഫോഴ്‌സും പ്രഖ്യാപിച്ചിരുന്നു. വിമതനേതാക്കളായ ഗുലാം നബി ആസാദിനെയും ആനന്ദ് ശർമയേയും രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തി, മുകുൾ വാസ്‌നികിനെ ടാസ്‌ക്‌ഫോഴ്‌സിലും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കപിൽ സിബലിനെ ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്തിയിരുന്നില്ല.

സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരിലൊരാളായ കപിൽ സിബൽ രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കേസുകളിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക് വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ കൂടിയാണ്. കോൺഗ്രസ് നിർണായക മാറ്റങ്ങൾക്കൊരുങ്ങുന്നതിനിടെ കപിൽ സിബലിനെപ്പോലെ തലമുതിർന്ന ഒരുനേതാവ് പാർട്ടിവിടുമ്പോൾ ഉണ്ടാകുന്ന വിടവ് നേതൃത്വം എങ്ങനെ നികത്തുമെന്നാണ് ഇനി അറിയാനുള്ളത്.

TAGS :

Next Story