Quantcast

കോൺഗ്രസ് വിട്ടു; കപിൽ സിബൽ എസ്പിയിൽ- രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു

കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ

MediaOne Logo

Web Desk

  • Updated:

    2022-05-25 07:32:57.0

Published:

25 May 2022 12:29 PM IST

kapil sibal
X

ലഖ്‌നൗ: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ സമാജ്‌വാദ് പാർട്ടി (എസ്.പി) ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിബൽ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളിൽ പ്രമുഖനാണ് കപിൽ സിബൽ. രാജസ്ഥാനിലെ ഉദയ്പൂരിൽ ഈയിടെ നടന്ന ചിന്തൻ ശിവിറിൽ സിബൽ പങ്കെടുത്തിരുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ സമൂല അഴിച്ചു പണി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ കമ്മിറ്റികൾക്ക് കോൺഗ്രസ് നേതൃത്വം രൂപം നൽകിയതിന്റെ പിറ്റേ ദിവസമാണ് സിബലിന്റെ രാജി. ജി 23 ഗ്രൂപ്പിലെ മുകുൾ വാസ്‌നിക്, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങിയവർക്ക് ഇടം നൽകിയാണ് പാർട്ടി പുതിയ കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നത്.

ഏതാനും ദിവസങ്ങൾക്കിടെ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്ന മൂന്നാമത്തെ പ്രധാന നേതാവാണ് സിബൽ. ഗുജറാത്ത് വർക്കിങ് പ്രസിഡണ്ട് ഹർദിക് പട്ടേൽ, പഞ്ചാബ് മുൻ സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖർ എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടി വിട്ടവർ. ഇരുവരും ബിജെപിയിലേക്കാണ് ചേക്കേറിയത്.

അഖിലേഷ് യാദവ്, അസം ഖാൻ തുടങ്ങി സമാജ്‌വാദി പാർട്ടിയിലെ നിരവധി നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് കപിൽ സിബൽ. ജയിലിൽ കഴിയുന്ന അസം ഖാനു വേണ്ടി ഈയിടെ സുപ്രിം കോടതിയിൽ ഹാജരായത് സിബലായിരുന്നു. കോടതി ഖാന് ജാമ്യം അനുവദിക്കുകയും ചെയ്തു.

ഉത്തർപ്രദേശിൽ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപിൽ സിബലിന് നൽകിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷിനേതാവും ആർഎൽഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്ക നൽകുമെന്നാണ് റിപ്പോർട്ട്.

TAGS :

Next Story