Quantcast

ഗാന്ധി കുടുംബത്തിനെതിരെ 'പടയൊരുക്കം'; ശ്രദ്ധാകേന്ദ്രമായി കപിൽ സിബലിന്റെ അത്താഴവിരുന്ന്

കോൺഗ്രസിൽ നേതൃതല അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ ജി23 നേതാക്കളിൽ പ്രമുഖനാണ് കപിൽ സിബൽ

MediaOne Logo

Web Desk

  • Published:

    10 Aug 2021 7:32 AM GMT

kapil sibal
X

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പ്രതിപക്ഷ നേതാക്കളുടെ അത്താഴവിരുന്നില്‍ ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമർശം. ഗാന്ധി കുടുംബത്തിന്റെ പിടിയിൽ നിന്ന് മുക്തമായാലേ കോൺഗ്രസ് രക്ഷപ്പെടൂ എന്ന് വരെ ചില നേതാക്കൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒരു ഡസനിലധികം നേതാക്കളാണ് 8 തീന്‍മൂര്‍ത്തി ലൈനിലെ വീട്ടില്‍ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തത്.

കോൺഗ്രസിൽ നേതൃതല അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ ജി23 നേതാക്കളിൽ പ്രമുഖനാണ് കപിൽ സിബൽ. മുൻ കേന്ദ്രമന്ത്രി പി ചിദംബരം, കേരളത്തിൽ നിന്നുള്ള ശശി തരൂർ, മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മ, ഗുലാം നബി ആസാദ് തുടങ്ങിയവരും വിരുന്നിനെത്തിയിരുന്നു. നേതൃപുനഃസംഘടന ആവശ്യപ്പെട്ട നേതാക്കളാണ് ഇവരെല്ലാവരും.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, ടിഎംസി എംപി ഡെറക് ഒബ്രയാൻ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഡിഎംകെ എംകെ തിരുച്ചി ശിവ, ആർഎൽഡി നേതാവ് ജയന്ത് ചൗധരി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല തുടങ്ങിയവരും യോഗത്തിനെത്തി. എൻഡിഎ ബന്ധം ഉപേക്ഷിച്ച അകാലിദളിന് വേണ്ടി നരേഷ് ഗുജ്റാളും സഭയിൽ ബിജെപിയെ പിന്തുണയ്ക്കുന്ന ബിജു ജനതാദളിന്റെ പിനാകി മിശ്രയും യോഗത്തിനെത്തിയത് കൗതുകമായി. കോൺഗ്രസ് ശക്തിപ്പെട്ടാലേ പ്രതിപക്ഷ ഐക്യം സാധ്യമാകൂ എന്ന വികാരമാണ് നേതാക്കൾ പങ്കുവച്ചത്.

നരേഷ് ഗുജ്റാളാണ് ഗാന്ധി കുടുംബത്തിനെതിരെ സംസാരിച്ചത്. ഗാന്ധി കുടുംബത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടില്ല എങ്കിൽ കോൺഗ്രസിന്റെ പുനരുജ്ജീവനം ബുദ്ധിമുട്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു. കോൺഗ്രസ് ശക്തിപ്പെടുമ്പോഴേ പ്രതിപക്ഷവും ശക്തിപ്പെടൂ എന്നാണ് ഉമർ അബ്ദുല്ല പറഞ്ഞത്. പാർട്ടി ശക്തിപ്പെടുത്താൻ കോൺഗ്രസ് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യ മാതൃകയിൽ കേന്ദ്രത്തിൽ ബിജെപിക്കെതിരെ യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട് എന്നാണ് ശരദ് പവാർ ചൂണ്ടിക്കാട്ടിയത്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ലാലു പ്രസാദ് യാദവും ഊന്നിപ്പറഞ്ഞു.

യോഗത്തിൽ കോൺഗ്രസ് നേതാക്കളായും നേതൃത്വത്തിനെതിരെ സംസാരിച്ചില്ല എന്നത് ശ്രദ്ധേയമായി. അതിനിടെ, രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള വിസമ്മതം തുടരുകയാണ്. പൊതുതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമാണ് രാഹുൽ പാർട്ടി അധ്യക്ഷപദം രാജിവച്ചത്. ഇതിനു ശേഷം നിരവധി തവണ നേതാക്കൾ അദ്ദേഹത്തോട് അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.

TAGS :

Next Story