ബുൾഡോസർ രാജ്; ജനുവരി ഒന്നിന് വീടുകൾ നൽകുമെന്ന് കർണാടക സർക്കാരിൻ്റെ പ്രഖ്യാപനം
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്തെത്തി

ബംഗളൂരു: ബംഗളൂരു കൊഗിലു വില്ലേജിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ജനുവരി ഒന്നിന് വീടുകൾ നൽകുമെന്ന് കർണാടക സർക്കാരിൻ്റെ പ്രഖ്യാപനം. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് സർക്കാർ ഭൂമി കയ്യേറി കുടിലുകൾ സ്ഥാപിച്ചു എന്നാരോപിച്ച് കർണാടക സർക്കാർ 167 വീടുകൾ പൊളിച്ചു നീക്കിയത്. വിഷയത്തിൽ ഇടപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി വിജയൻ രാഷ്ട്രീയം കളിക്കുന്നതായാണ് സിദ്ദരാമയ്യയുടെയും ഡി.കെ ശിവകുമാറിൻ്റെയും ആരോപണം.
ഖരമാലിന്യ സംസ്കരണ പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്ന സർക്കാർ ഭൂമി കയ്യേറി കുടിലുകൾ സ്ഥാപിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു കൊഗിലു വില്ലേജിലെ വസീം ലേഔട്ടിലെയും ഫക്കീർ കോളനിയിലെയും വീടുകൾ തകർത്തത് ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ രാജാണ് കർണാടകയിലും നടന്നതെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്നാണ് കർണാടക സർക്കാർ വിഷയത്തിൽ ഇടപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപ മുഖ്യമന്ത്രി ഡി. കെ ശിവകുമാറും കൂടിക്കാഴ്ച നടത്തി. യോഗത്തിൽ ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ്, എംഎൽഎ അഡീഷണൽ ചീഫ് സെക്രട്ടറി, ജിബിഎ ചീഫ് കമ്മീഷണർ, ബാംഗ്ലൂർ ജില്ലാ കളക്ടർ ,സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് സിഇഒ തുടങ്ങിയവർ പങ്കെടുത്തു.
വീടുകൾ പൊളിച്ച് മാറ്റിയ സ്ഥലം ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും ഭവന മന്ത്രി സമീർ അഹമ്മദ് ഖനും സന്ദർശിച്ചു. നോട്ടീസ് നൽകിയ ശേഷം ഒഴിഞ്ഞ് പോവാൻ മതിയായ സമയവും നൽകിയിരുന്നതായാണ് കർണാടക സർക്കാരിൻ്റെ അവകാശവാദം. ശനിയാഴ്ച പുലർച്ചെ 4 മണിയോടെ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി കുടിലുകൾ പൊളിച്ച് നീക്കിയതെന്നാണ് പരിസരവാസികൾ പറയുന്നത്. പ്രധാനപ്പെട്ട രേഖകളൊന്നും ശേഖരിക്കാൻ മതിയായ സമയം അനുവദിച്ചില്ലെന്നും പരാതി ഉണ്ട്.
Adjust Story Font
16

