Quantcast

വർഗീയ സംഘർഷങ്ങൾ നേരിടാൻ പ്രത്യേക സേനയുമായി കർണാടക

മംഗളൂരുവിൽ അടുത്തിടെ നടന്ന വർഗീയ സ്വഭാവമുള്ള കൊലപാതകങ്ങളുടെ പശ്ചാതലത്തിലാണ് സർക്കാർ തീരുമാനം

MediaOne Logo

Web Desk

  • Published:

    29 May 2025 1:48 PM IST

വർഗീയ സംഘർഷങ്ങൾ നേരിടാൻ പ്രത്യേക സേനയുമായി കർണാടക
X

ബെംഗളൂരു: വർഗീയ സംഘർഷങ്ങൾ നേരിടാൻ പ്രത്യേക ആക്ഷന്‍ ഫോഴ്സ്(എസ്എഎഫ്) രൂപീകരിച്ച് കർണാടക സർക്കാര്‍. ദക്ഷിണ കന്നഡ, ശിവമോഗ, ഉഡുപ്പി എന്നിവിടങ്ങളിലായി മൂന്ന് കമ്പനികൾ ഉൾപ്പെടുന്നതാണ് പ്രത്യേക ആക്ഷൻ ഫോഴ്‌സ്.

സീനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഡിഐജിപി) ഉൾപ്പെടെ 248 ഉദ്യോഗസ്ഥർ ഈ സേനയുടെ ഭാഗമാകും. ആന്റി നക്സൽ ഫോഴ്‌സിൽ നിന്നാണ് 248 ഉദ്യോഗസ്ഥരെയും എസ്എഎഫിലേക്ക് മാറ്റിയത്. വർഗീയവും പ്രകോപനപരവുമായ സംഭവങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം അവ മുൻകൂട്ടി മനസിലാക്കി തടയുന്നതിനുള്ള നടപടികളും സേന കൈകൊള്ളും.

അതേസമയം സമാധാനവും സാമുദായിക ഐക്യവും ഉറപ്പാക്കാൻ, സമുദായ നേതാക്കളുമായി സംസാരിക്കാന്‍ സേനയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി.

സമൂഹത്തിൽ സമാധാനം തകർക്കുന്ന ഏതൊരു തരത്തിലുള്ള പ്രകോപന നീക്കങ്ങളെയും നേരിടാന്‍ പ്രത്യേക സേന രൂപീകരിക്കുമെന്ന് നേരത്തെ കര്‍ണാടക ആഭ്യന്തര മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മംഗളൂരുവിൽ അടുത്തിടെ നടന്ന വർഗീയസ്വഭാവമുള്ള കൊലപാതകങ്ങളുടെ പശ്ചാതലത്തിലാണ് സർക്കാർ തീരുമാനം. ഒരു മാസത്തിനിടെ മൂന്ന് കൊലപാതകങ്ങളാണ് മംഗളൂരുവില്‍ അരങ്ങേറിയത്. അതിലൊന്ന് മലയാളായി അഷ്‌റഫിന്റെ കൊലപാതകമാണ്. ഗുണ്ടാ തലവൻ സുഹാസ് ഷെട്ടി വധമാണ് മറ്റൊന്ന്.

ബണ്ട്വാൾ താലൂക്കിലെ കോൽത്തമജലുവിൽ അബ്ദുല്‍ റഹ്മാന്റെ കൊലപാതകമാണ് അവസാനത്തേത്. അടിക്കടിയുണ്ടാകുന്ന ഇത്തരം കൊലപാതകങ്ങള്‍ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. പലപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യങ്ങളാണ് ഇതെ തുടര്‍ന്ന് ഉണ്ടാകുന്നത്.

TAGS :

Next Story