ബാനു മുഷ്താഖ്, മൈസൂർ ദസറ ഉദ്ഘാടനം ചെയ്യും; ബിജെപി നേതാവിന്റെ ഹരജി കർണാടക ഹൈക്കോടതി തള്ളി
ഒരു അവകാശവും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ബിജെപി നേതാവിന്റെ ഹരജി തള്ളിയത്

ബംഗളൂരു: ബുക്കർപ്രൈസ് ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ കർണാടക ഹൈകോടതി തള്ളി. മുൻ ബിജെപി എംപി പ്രതാപ് സിംഹയും മറ്റ് രണ്ട് പേരും സമർപ്പിച്ച ഹർജികളാണ് തള്ളിയത്.
ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരു അവകാശവും ലംഘിക്കപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് തള്ളിയത്. മറ്റൊരു മതത്തില്‍ ഉള്‍പ്പെട്ട വ്യക്തി ദസറ ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ബിജെപി നേതാവിന്റെ വാദം
അതേസമയം ഹർജിക്കാർക്ക് പിഴ ചുമത്തണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി കോടതിയിൽ വാദിച്ചു. വിജയദശമി ഉത്സവം രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നുവെന്നും അത് തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ദസറ ഉദ്ഘാടന വേളയിൽ ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പാർച്ചന നടത്തുന്ന ഒരു പാരമ്പര്യമുണ്ടെന്നും ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ എതിർപ്പുണ്ടെന്നും പ്രതാപ് സിംഹക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുദർശൻ വാദിച്ചു. ബാനു മുഷ്താഖ് ഹിന്ദു വിരുദ്ധ പ്രസ്താവനകളും കന്നഡ ഭാഷക്കെതിരെ പരാമർശങ്ങളും നടത്തിയിട്ടുണ്ട്. ഭുവനേശ്വരി ദേവിക്കും കന്നഡ പതാകക്കുമെതിരെ ബാനു മുഷ്താഖ് ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.
ബാനു മുഷ്താഖിന്റെ പ്രസ്താവനകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങളും വീഡിയോ ക്ലിപ്പിംഗുകളും അഭിഭാഷകൻ സമർപ്പിച്ചു. എന്നാല്‍ ഈ രാജ്യത്ത് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ഒരു തെറ്റല്ലെന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു നിരീക്ഷിച്ചു. ഏത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
"നിങ്ങൾക്ക് പോലും ഉചിതമായ ഒരു വേദിയിൽ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാം. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള അവകാശങ്ങളിൽ ഏതാണ് ലംഘിക്കപ്പെട്ടതെന്ന് നിങ്ങൾ വിശദീകരിക്കേണ്ടതുണ്ട്''- ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
Adjust Story Font
16

