'വിദ്വേഷ പ്രസംഗങ്ങൾ നടത്തരുത്'; ബിജെപി എംഎൽഎക്ക് എതിരായ കേസിൽ ഇടക്കാല സ്റ്റേ നീട്ടി കർണാടക ഹൈക്കോടതി
ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചക്ക് എതിരായ കേസിലാണ് ഇടക്കാല സ്റ്റേ നീട്ടിയത്.

ബംഗളൂരു: വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്ന് ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയോട് കർണാടക ഹൈക്കോടതി. എംഎൽഎക്ക് എതിരെ നിലവിലുള്ള ക്രിമിനൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു.
ദക്ഷിണ കന്നട ജില്ലയിൽ മുസ്ലിംകളെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും വർഗീയ സംഘർഷം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചതിനും പൂഞ്ചക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇടക്കാല സ്റ്റേ പിൻവലിക്കണമെന്ന് പരാതിക്കാരനായ ഇബ്രാഹിമിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. ബാലൻ കോടതിയോട് ആവശ്യപ്പെട്ടു. വിഷയത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരിന്റെയും പൂഞ്ചയുടെയും അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഇടക്കാല സ്റ്റേ തുടരാൻ അനുവദിക്കുന്നത് എംഎൽഎക്ക് അത്തരം നടപടികൾ ആവർത്തിക്കാൻ അനുവദിക്കുമെന്ന് വാദിച്ച അഡ്വ. ബാലൻ ഇതിനെ എതിർത്തു.
പൂഞ്ചയുടെ വിദ്വേഷ പ്രസംഗങ്ങൾ ആൾക്കൂട്ട ആക്രമണത്തിന് കാരണമായെന്നും മംഗളൂരുവിൽ നടന്ന ആൾക്കൂട്ട കൊലപാതകവും മേഖലയിൽ അടുത്തിടെ നടന്ന മൂന്ന് കൊലപാതകങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്നും അഡ്വ. ബാലൻ കോടതിയെ അറിയിച്ചു. വർഗീയ വിദ്വേഷം വളർത്തുന്നതിനും നിയമം മറികടക്കുന്നതിനും ഇടക്കാല സ്റ്റേ ഉത്തരവുകൾ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേ പിൻവലിക്കണമെന്ന ആവശ്യം തള്ളിയ കോടതി കർശന വ്യവസ്ഥകളോടെ ഇടക്കാല സ്‌റ്റേ ആഗസ്റ്റ് ഏഴുവരെ നീട്ടി.
തെക്കരു ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തിൽ പൂഞ്ച നടത്തിയ പ്രസംഗത്തിൽ ക്ഷേത്രപരിപാടികളിൽ നിന്ന് 'കലഹക്കാരായ മുസ്‌ലിംകളെ' അകറ്റിനിർത്തണമെന്നും മുസ്‌ലിംകളുമായി ഐക്യം വളർത്താതെ ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്യണമെന്നും ഹരീഷ് പൂഞ്ചയോട് പറഞ്ഞിരുന്നു. എംഎൽഎ നടത്തുന്ന തുടരുന്ന വിദ്വേഷ പരാമർശങ്ങൾ വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്നു എന്നാണ് ഹരജിക്കാരന്റെ വാദം. ബെൽത്തങ്ങാടി, ധർമസ്ഥല, ബജ്‌പെ, ബണ്ട്വാൾ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകൾ നിലവിലുണ്ട്.
Adjust Story Font
16

