Quantcast

പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍; ഹുക്ക ബാറുകള്‍ക്കും നിരോധനം

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധന നിയമം ലംഘിച്ചാലുള്ള പരമാവധി പിഴ 200 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തിയതായും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    31 May 2025 2:19 PM IST

പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്തി കര്‍ണാക സര്‍ക്കാര്‍; ഹുക്ക ബാറുകള്‍ക്കും നിരോധനം
X

കര്‍ണാടക: പുകയില ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രായം പതിനെട്ടില്‍ നിന്നും 21 വയസിലേക്ക് ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധന നിയമം ലംഘിച്ചാലുള്ള പരമാവധി പിഴ 200 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ത്തിയതായും സര്‍ക്കാര്‍ ഔദ്യേഗികമായി അറിയിച്ചു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമവും കര്‍ശനമാക്കി. സംസ്ഥാനത്തുടനീളമുള്ള പുകയില ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം. വെള്ളിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തുവിട്ടത്.

2003 ലെ സിഗരറ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കുന്നതിനും ഉത്പാദനവും വിപണനവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ (COTPA) കര്‍ണാടക ഭേദഗതി ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയത് 2024 മെയ്യിലാണ്. ഇതാണ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നത്. 2023 സെപ്റ്റംറിലാണ് ബാറുകളില്‍ ഹുക്കയും ഷിഷയും വില്‍പ്പന നടത്തുന്നത് നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ബാറുകളില്‍ ഹുക്ക നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും നിയമവിരുദ്ധമായി ഹുക്ക കഫേകള്‍ ബെംഗളൂരുവിലെ ചില സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. 20 സ്ഥലങ്ങളില്‍ നടന്ന സിബിഐ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ ഉത്പന്നങ്ങളും സാമഗ്രികകളുമാണ് പിടികൂടിയത്. പുതിയ സെഷന്‍ 4A പ്രകാരം റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, കഫേകള്‍ എന്നിവയുള്‍പ്പെടെയുള്ള ഏതൊരു സ്ഥലത്തും ഹുക്ക ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. പുതുതായി ചേര്‍ത്ത സെക്ഷന്‍ 21A പ്രകാരം ഹുക്ക ബാറുകള്‍ നടത്തുന്നവര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

പുതിയ ഭേദഗതി അനുസരിച്ച് പൊതു സ്ഥലങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിക്കുക എന്നാല്‍ പുകവലി മാത്രമല്ല പൊതുസ്ഥലങ്ങളില്‍ പുകയില തുപ്പുന്നതും നിരോധിച്ചു. പൊതുജനാരോഗ്യം ശക്തിപ്പെടുത്തുക എന്ന വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഭേദഗതിയെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ഹുക്ക നിരോധനത്തിലുള്ള സര്‍ക്കാരിന്റെ നിയമസാധുത ചൂണ്ടിക്കാട്ടി റെസ്‌റ്റോറന്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി 2024 ഏപ്രിലിലാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. 'ഹെര്‍ബല്‍ ഹുക്ക' വാഗ്ദാനം ചെയ്യുന്ന ഹുക്ക ബാറുകള്‍ പോലും നിക്കോട്ടിന്‍, മൊളാസസ് തുടങ്ങിയ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും ചട്ടങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കോടതി വിലയിരുത്തി.

TAGS :

Next Story