കർണാടകയിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കുന്നത് പരിഗണനയിൽ: സിദ്ധരാമയ്യ
പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടിരുന്നു

siddaramaiah | Photo | India Today
മൈസൂരു: കർണാടകയിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കുന്നത് പരിഗണനയിലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാക്കൾ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ വരുന്നതായി പ്രിയങ്ക് ഖാർഗെയും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
''പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് ഭീഷണി കോളുകൾ ലഭിക്കുന്നുണ്ടെന്ന് മന്ത്രി ഖാർഗെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കർണാടക തമിഴ്‌നാടിന്റെ മാതൃക പിന്തുടരണമെന്ന് മാത്രമാണ് അദ്ദേഹം നിർദേശിച്ചത്. അതിൽ എന്താണ് തെറ്റ്? പ്രിയങ്ക് അത്തരം ഭീഷണികളെ ഭയപ്പെടുന്നില്ല''- മൈസൂരു വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ട സിദ്ധരാമയ്യ പറഞ്ഞു.
തമിഴ്‌നാട്ടിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിച്ചത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ അത് വിശദമായി പരിശോധിക്കും. പ്രിയങ്ക് ഖാർഗെയുടെ സുരക്ഷ ശക്തമാക്കും. ദുഷ്ടശക്തികൾ എപ്പോഴും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. പ്രിയങ്കും താനും അത്തരം ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ധൈര്യമുണ്ടെങ്കിൽ ആർഎസ്എസിനെ നിരോധിക്കൂ എന്ന ബിജെപി നേതാക്കളുടെ വെല്ലുവിളിയോട് പരിഹാസത്തോടെയാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ശക്തിയുണ്ടെങ്കിൽ തങ്ങളെ തോൽപ്പിക്കൂ എന്നാണ് ബിജെപി നേതാക്കൾ വെല്ലുവിളിച്ചിരുന്നത്. അവരെ പരാജയപ്പെടുത്തിയെന്നും സിദ്ധരാമയ്യ പറഞ്ഞു.
Adjust Story Font
16

