ബെംഗളൂരുവിൽ 75 കോടിയുടെ ലഹരിവേട്ട; 37 കിലോ എംഡിഎംഎയുമായി ദക്ഷിണാഫ്രിക്കൻ യുവതികൾ അറസ്റ്റിൽ
കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ.

ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. 75 കോടിയുടെ എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ യുവതികൾ അറസ്റ്റിൽ. ദക്ഷിണാഫ്രിക്കയിലെ അഗ്‌ബോവില്ല സ്വദേശി ബാംബ ഫാൻ്റ എന്ന അഡോണിസ് ജബുലിലേ (31), അബിഗയിൽ അഡോണിസ് എന്ന ഒലിജോ ഇവാൻസ് (30) എന്നിവരാണ് അറസ്റ്റിലായത്.
37.870 കിലോ എംഡിഎംഎയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. മംഗളൂരു സിറ്റി പൊലീസും സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസും ചേർന്നാണ് ലഹരിസംഘത്തെ പിടികൂടിയത്. മംഗളൂരു സിറ്റി പൊലീസിന്റെ മയക്കുമരുന്ന് രഹിത മംഗളൂരു പദ്ധതിയുടെ ഭാഗമായി നടന്ന ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ.
ഇതുകൂടാതെ, മണിപ്പൂർ, അസം സംസ്ഥാനങ്ങളിൽ നിന്ന് 88 കോടിയുടെ മെത്താംഫെറ്റമിന്‍ ഗുളികകളും പിടിച്ചെടുത്തു. ഇവയുൾപ്പെടെ രാജ്യത്ത് 163 കോടിയുടെ ലഹരി മരുന്നാണ് പിടികൂടിയത്. മണിപ്പൂരിലെ ഇംഫാലിലും അസമിലെ ഗുവാഹത്തിയിലും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകൾ കണ്ടെത്തിയത്.
ലഹരിക്കടത്തുസംഘങ്ങളോട് ഒരു ദയയും ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എക്‌സിൽ കുറിച്ചു. രാജ്യാന്തര ലഹരിക്കടത്തുസംഘത്തിലെ 4 പേരെ അറസ്റ്റ് ചെയ്തതായും നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയെ അഭിനന്ദിക്കുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.
Adjust Story Font
16

