Quantcast

'സനാതന ധര്‍മത്തെ ലക്ഷ്യമിട്ട് സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറും'; ഭീഷണിയുമായി കര്‍ണി സേന നേതാവ്

'ഞങ്ങളുടെ സംസ്‌കാരത്തെയും ആരാധനാമൂര്‍ത്തികളെയും സനാതന ധര്‍മത്തെയും അവഹേളിക്കുന്ന സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെയും സംവിധായകരുടെയും വീട്ടില്‍ കയറി അവരെ ഒരു പാഠം പഠിപ്പിക്കും'

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-02-22 13:52:03.0

Published:

22 Feb 2026 6:10 PM IST

karni sena leaders warning to film makers
X

ന്യൂഡല്‍ഹി: സനാതന ധര്‍മത്തെ അവഹേളിക്കുന്ന തരത്തില്‍ സിനിമയെടുത്താല്‍ പ്രവര്‍ത്തകര്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറി ആക്രമിക്കുമെന്ന ഭീഷണിയുമായി ക്ഷത്രിയ കര്‍ണി സേന ദേശീയ പ്രസിഡന്റ് രാജ് ശെഖാവത്ത്. പ്രവര്‍ത്തകര്‍ക്ക് തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശെഖാവത്ത് പറഞ്ഞു. നിര്‍മാതാക്കളെ വീട്ടില്‍ കയറി പാഠം പഠിപ്പിക്കുമെന്നാണ് ഭീഷണി.

'ഞങ്ങളുടെ സംസ്‌കാരത്തെയും ആരാധനാമൂര്‍ത്തികളെയും സനാതന ധര്‍മത്തെയും അവഹേളിക്കുന്ന സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെയും സംവിധായകരുടെയും വീട്ടില്‍ കയറി അവരെ ഒരു പാഠം പഠിപ്പിക്കും. കര്‍ണിസേന പ്രവര്‍ത്തകരോട് തയാറായിരിക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഉടന്‍ മുംബൈയിലേക്ക് പോകും. അങ്ങനെയുള്ള സിനിമാക്കാരെ വീട്ടില്‍ പോയി കാണും' -രാജ് ശെഖാവത്ത് പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന 'യാദവ് ജി കി ലവ് സ്റ്റോറി', 'ഗൂസ്‌ഖോര്‍ പണ്ഡിറ്റ്' എന്നീ സിനിമകള്‍ സാമുദായിക വികാരം വ്രണപ്പെടുത്തുന്നതാണ് എന്ന ആരോപണത്തിനിടെയാണ് കര്‍ണി സേന നേതാവിന്റെ പ്രസ്താവന.

സിനിമാക്കാര്‍ നേരത്തെ ക്ഷത്രിയരെയും ബ്രാഹ്‌മണരെയുമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇത്തവണ യാദവരെയാണ് കളിയാക്കുന്നതെന്ന് ശെഖാവത്ത് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ നിര്‍മിക്കുന്ന ഇത്തരം സിനിമകള്‍ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണ് -അദ്ദേഹം പറഞ്ഞു.

ഈ മാസം 27ന് റിലീസിനൊരുങ്ങുന്ന 'യാദവ് ജി കി ലവ് സ്റ്റോറി' സിനിമയില്‍ ഒരു യാദവ സ്ത്രീയും മുസ്‌ലിം പുരുഷനും തമ്മിലെ പ്രണയമാണ് ഇതിവൃത്തം. സിനിമക്കെതിരെ ബിജെപി നേതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പരാതിയില്‍ സിനിമയുടെ നിര്‍മാതാവിനും സംവിധായകനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. അതേസമയം, 'ഗൂസ്‌ഖോര്‍ പണ്ഡിറ്റ്' എന്ന ചിത്രം ബ്രാഹ്‌മണരെയും പണ്ഡിറ്റുകളെയും അപമാനിക്കാനുള്ള ഗൂഢാലോചനയാണെന്നാണ് ബിജെപി ആരോപണം.

TAGS :

Next Story